ഗുവാഹാത്തി: അർധ രാത്രിയിൽ വീട്ടിൽ റെയ്‌ഡ് നടത്തി മാധ്യമപ്രവർത്തകനെ അറസ്റ്റു ചെയ്തതിനെ തുടർന്ന് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. അസമിലാണ് സംഭവം. 

പ്രദേശിക ഭാഷാ ചാനലിലെ റിപ്പോർട്ടറും ദുബ്രി പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന രാജീവ് ശർമ്മയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു കവർച്ചാ കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് പുലർച്ചെ രണ്ട് മണിയോടെയാണ് രാജീവ് ശർമ്മയുടെ വീട്ടിൽ പോലീസ് റെയ്‌ഡ് നടത്തിയത്. 64 കാരനായ പിതാവ് സുധിൻ ശർമ്മയോടൊപ്പമാണ് രാജീവ് താമസിക്കുന്നത്.

കന്നുകാലി കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള നിരവധി വാർത്തകൾ ചെയ്തിട്ടുള്ളയാളാണ് രാജീവ് ശർമ്മ. കന്നുകാലി കള്ളക്കടത്ത് സിൻഡിക്കേറ്റിൽ പങ്കുണ്ടെന്ന വാർത്ത തനിക്കെതിരെ കെട്ടിച്ചമച്ചുവെന്നും വാർത്തയുടെ അടിസ്ഥാനത്തിൽ ശർമ്മ തന്നിൽ നിന്ന് എട്ട് ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമിച്ചതായും ദുബ്രി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നാണ് അറസ്റ്റും റെയ്‌ഡും

രാജീവിന്റെ അറസ്റ്റിന് പിന്നാലെ സുധിൻ ശർമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായി. വീട്ടിൽ തനിച്ചായിപ്പോയ ഇദ്ദേഹത്തെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. രാവിലെ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ രാജീവ് ശർമ്മ കാണുന്നത് മരിച്ച് കിടക്കുന്ന പിതാവിനെയാണ്. വ്യാഴാഴ്ച വൈകുന്നേരം ഗൗരിപൂർ ശ്മശാനത്തിൽ മാധ്യമപ്രവർത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ രാജീവ് ശർമ്മ പിതാവിന്റെ സംസ്കാരം നടത്തി.

സംഭവം വിവാദമായതോടെയാണ് ദുബ്രി പോലീസ് മേധാവി യുവ്രാജിനെ സ്ഥലം മാറ്റിയത്.

സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഗുവാഹത്തി പ്രസ് ക്ലബ് അസോസിയേഷൻ സംഭവത്തിൽ മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

 

Content Highlight: Assam journalists father dies of cardiac arrest