ഗുവഹാത്തി: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ചയാണ് അസമില്‍ മിലന്‍ മഹന്ദയെന്ന മാധ്യപ്രവര്‍ത്തകന്‍ ഒരു സംഘം ചൂതാട്ടക്കാരുടേയും ഭൂമാഫിയയുടേയും ആക്രമണത്തിനിരയായത്. ഇവര്‍ക്കെതിരെ മിലന്‍ മഹന്ദ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. 

ആസാമീസ് ദിനപത്രമായ അസോമിയ പ്രതിദിനില്‍ പ്രവര്‍ത്തിക്കുകയാണ് മിലന്‍ മഹന്ദ. ആക്രമണം നടന്ന മിര്‍സയില്‍നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയാണ് 42-കാരനായ മിലന്‍ താമസിക്കുന്നത്. 20 കൊല്ലമായി മാധ്യപ്രവര്‍ത്തനരംഗത്തുണ്ട്. 

തിരക്കേറിയ റോഡിലെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മിലന്‍ മഹന്ദയെ അക്രമികള്‍ മര്‍ദിക്കുകയായിരുന്നു. നിരന്തരമായി സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ലേഖനങ്ങളെഴുതിയതിനാല്‍ തന്നെ കൊല്ലണമെന്ന് അക്രമികള്‍ ആഗ്രഹിച്ചിരുന്നതായും തന്റെ രക്ഷയ്‌ക്കെത്തിയവരേ അവര്‍ ആക്രമിച്ചതായും മിലന്‍ പറഞ്ഞു. സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായെങ്കിലും ഇതുവരെ പോലീസ് അന്വേഷണത്തിനെത്തിയില്ലെന്നും മിലന്‍ കൂട്ടിച്ചേര്‍ത്തു. 

മിലന്‍ മഹന്ദയുടെ നേര്‍ക്കു നടന്ന ആക്രമണത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഒരു മാധ്യമപ്രവര്‍ത്തകനെ പൊതുസ്ഥലത്ത് കെട്ടിയിട്ട് മര്‍ദിച്ചത് ആശങ്കയുണര്‍ത്തുന്നതായി മാധ്യമപ്രവര്‍ത്തകനായ നിരേന്‍ മാലി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമനിര്‍മാണം ആവശ്യമാണെന്നും നിരേന്‍ മാലി കൂട്ടിച്ചേര്‍ത്തു. 

ആന്തരികപരിക്കുകളേറ്റ മിലന് കുറച്ചു ദിവസം വിശ്രമം ആവശ്യമാണ്. വീണ്ടും ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിലാണെങ്കിലും മിലന്റെ ആത്മാര്‍ഥവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 

മിലനെ ആക്രമിച്ചവര്‍ക്കായുള്ള തിരച്ചിലിലാണെന്ന് പോലീസ് അറിയിച്ചു. ഒരു പ്രതിയെ മാത്രമാണ് സംഭവത്തില്‍ ഇതു വരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ അവര്‍ തങ്ങുന്ന സ്ഥലം കണ്ടെത്താന്‍ കുറച്ച് പ്രയാസം നേരിടുന്നതായും ഉടനെ തന്നെ പ്രതികളെ പിടികൂടുമെന്നും പോലീസ് വക്താവ് അറിയിച്ചു. 

Content Highlights: Assam Journalist Tied To Pole, Beaten In Public