സില്‍ചര്‍: മിസോറാമിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി അസം സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക്. നിലവില്‍ മിസോറാമില്‍ ജോലിക്കും മറ്റുമായി താമസിക്കുന്ന അസം സ്വദേശികളോട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം അസം-മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മിസോറാമിലേക്ക്‌ യാത്ര ചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് യാത്ര ഒഴിവാക്കണമെന്ന് അസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്‌.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ അസം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മിസോറാമില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്നും അസം ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങള്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും കടത്തി വിടുക. 

രണ്ട് മാസത്തിനിടയില്‍ മയക്കുമരുന്ന് കടത്തില്‍ 912 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 1560 പേരെ അറസ്റ്റ് ചെയ്തതായും അസം അറിയിച്ചു. ഇതാണ് മിസോറാമില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് അസം നിരത്തുന്ന ന്യായം. 

നിലവിലെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അസം പോലീസിനെ വിന്യസിച്ചത് ശരിയായ നടപടിയല്ലെന്ന് മിസോറാം ആഭ്യന്തര സെക്രട്ടറി ലാല്‍ബിയാക്‌സംഗി വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുളള കേന്ദ്ര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പോലീസിനെ വിന്യസിച്ചത് ഇരുകൂട്ടര്‍ക്കുമിടയില്‍ ഭയത്തിനും പരിഭ്രാന്തിക്കും കാരണമാകുമെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിലിവില്‍ മിസോറാമില്‍ നിന്നും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലേക്ക് പോകണമെങ്കില്‍ അസമിന്റെ റോഡ് മാര്‍ഗം മാത്രമേ സാധിക്കുകയുള്ളൂ. മിസോറാമിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ഇത്തരം കാര്യങ്ങളിലൂടെ അസമിന്റെ ശ്രമമെന്നും പരക്കെ ആരോപണം മിസോറാം ഉന്നയിക്കുന്നുമുണ്ട്.

ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചു ഇരു കൂട്ടരും സൗഹൃദപരമായി മുന്നോട്ട് പോകണമെന്നാണ് ചര്‍ച്ചയില്‍ തീരുമാനമായത്.  

Content Highlights: assam issue travel advisory for those who travel to mizoram