ഗുവഹാത്തി: വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനൊരുങ്ങി അസം സര്‍ക്കാര്‍. ഈ മാസം 21 മുതല്‍ 30 വരെ പ്രതിദിനം മൂന്ന് ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് അസം ലക്ഷമിടുന്നത്. ജില്ലകളുടെ ചുമതലുള്ള മന്ത്രിമാരും സെക്രട്ടറിമാരും അതാത് ജില്ലകള്‍ സന്ദര്‍ശിച്ച് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. തോട്ടംമേഖല പോലുള്ള ഇടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. 

ഗുവാഹത്തിയില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തൊട്ടാകെ ഈ മാസം 21 മുതല്‍ ആരംഭിക്കുന്ന വാക്‌സിനേഷന്‍ പ്രചാരണത്തിന്റെ തയ്യാറെടുപ്പുകള്‍ യോഗത്തില്‍ അവലോകനം ചെയ്തു. വാക്‌സിനേഷന്‍ ഡ്രൈവ് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 21 മുതല്‍ 30 വരെ ദിവസേന മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നുവെന്ന് അവലോകന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. 

അടുത്ത ഒരാഴ്ച മറ്റ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാകില്ലെന്നും മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്നും ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ മാസത്തിനുള്ളില്‍ തന്നെ കുത്തിവെയ്പ്പ് എടുക്കാന്‍ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോടൊപ്പം വാക്‌സിന്‍ സെന്ററുകളിലെ തല്‍സമയ രജിസ്‌ട്രേഷന്‍ സൗകര്യങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിന്റെ പ്രാധാന്യവും ഹിമന്ദ ബിശ്വ ശര്‍മ ഊന്നിപ്പറഞ്ഞു. മികച്ച രീതിയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തി മെഗാ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ അസം ഒരു മാതൃക തീര്‍ക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. 

Content Highlights: Assam govt aims to administer 3 lakh Covid-19 vaccines daily from Monday