ഗുവാഹത്തി: തീവണ്ടി ഇടിച്ച് ആനകള്‍ ചെരിഞ്ഞ സംഭവത്തില്‍ എന്‍ജിന്‍ ജപ്തി ചെയ്ത് അസം വനംവകുപ്പ്. കഴിഞ്ഞമാസമാണ് ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞത്.
റെയില്‍വേയുടെ ലുംദിങ് ഡിവിഷനു കീഴില്‍ സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. എന്‍ജിനില്‍ കുടുങ്ങിയ കുട്ടിയാനയെയും വലിച്ച് ഒന്നര കിലോമീറ്ററോളം തീവണ്ടി ഓടിയിരുന്നു. സംഭവത്തിനു പിന്നാലെ ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Assam Forest Department seizes a railway engine in Guwahati for killing two elephants last month, under provisions Wildlife Protection Act, 1972: PRO to Parimal Suklabaidya, State Environment and Forest Minister pic.twitter.com/RWQ0Bwgnx0
— ANI (@ANI) October 21, 2020
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പിന്റെ നടപടി. തിങ്കളാഴ്ച, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാന്‍ റെയില്‍വേ യാഡിലെത്തുകയും എന്‍ജിന്‍ ജപ്തി ചെയ്യുകയുമായിരുന്നു.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മൃഗമാണ് ആന. റിസര്‍വ് ഫോറസ്റ്റിലൂടെ 30 കിലോമീറ്റര്‍ വേഗതയ്ക്കുള്ളിലേ തീവണ്ടി ഓടിക്കാന്‍ പാടുള്ളൂ. എന്നാല്‍ റെയില്‍വേ നടത്തിയ അന്വേഷണത്തില്‍ വേഗത 60 കിലോമീറ്റര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്-രജീബ് ദാസ് കൂട്ടിച്ചേര്‍ത്തതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
കുറ്റകൃത്യം നടന്നതിനു ശേഷം തോക്ക് അല്ലെങ്കില്‍ കഠാരി പോലീസ് പിടിച്ചെടുക്കാറുണ്ട്. അതുപോലെ, എന്‍ജിന്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാലാണ് തങ്ങള്‍ അത് പിടിച്ചെടുത്തതെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം എന്‍ജിന്‍ ജപ്തി ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെ അത് വിട്ടുകിട്ടിയതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശുഭാനന്‍ ചന്ദ പറഞ്ഞു.
content highlights: assam forest department seizes railway engine for killing elephants