
Image|AP
ഗുവാഹത്തി: കനത്ത മഴയേത്തുടര്‍ന്ന് അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യോമസേന അറിയിച്ചു. ഹെലികോപറ്ററുകള്‍ സജ്ജമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും വ്യേമസേന വ്യക്തമാക്കി.
അതിനിടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സബ് ഹിമാലയന്‍ പ്രദേശങ്ങളിലെ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, സിക്കിം, അസ്സം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവില്‍ അസ്സമിലെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയത്തിലായിരിക്കുകയാണ്. ഈ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. 24 ജില്ലകളിലായി ഒരുലക്ഷം ഹെക്ടറിന് മുകളിലുള്ള ഭൂപ്രദേങ്ങള്പ്രളയത്തില് മുങ്ങിയിരിക്കുകയാണ്. 24 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.
അസമിലെ ഗോല്‍പാര ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. ജില്ലയിലെ 459 ലക്ഷം ആളുകള്‍ പ്രളയത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അസ്സമില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് കൃഷ്ണ, ബ്രഹ്മപുത്ര നദികള്‍ കരകവിഞ്ഞതാണ് സംസ്ഥാനത്ത് പ്രളയം രൂക്ഷമാകാന്‍ കാരണം.
മഴക്കെടുതി രൂക്ഷമായ മേഘാലയില്‍ ഒരുലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. മേഘലായ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുമായി ഫോണില്‍ ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സഹായവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
Content highlights: Assam flood situation worsens, IAF ready to launch relief efforts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..