ഗുവാഹാത്തി: ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസുകാരന്റെ മേല്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പിച്ച ശേഷം കടന്നുകളഞ്ഞ ഡോക്ടറേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ നാഗാവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന ആണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്.
അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ സിദ്ധി പ്രസാദ് ദ്യൂരിയാണ് കുട്ടിയുടെ മേല്‍ ചൂടുവെള്ളമൊഴിച്ചത്. ഭാര്യയും മൊറാന്‍ കോളേജ് പ്രിന്‍സിപ്പലുമായ മിതാലി കോന്‍വാറിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരുടെ ദിബ്രൂഗറിലെ വസതിയിലായിരുന്നു സംഭവം.
മദ്യ ലഹരിയിലായിരുന്ന സിദ്ധി പ്രസാദ് ഉറങ്ങിക്കിടന്ന കുട്ടിയുടെ മേല്‍ ചൂടുവെള്ളമൊഴിച്ചു. സംഭവത്തിന് സാക്ഷിയായി നിന്നതല്ലാതെ കുട്ടിയ്ക്ക് വൈദ്യസഹായമുള്‍പ്പെടെയുള്ള സഹായം നല്‍കിയില്ല എന്നതാണ് മിതാലിയുടെ മേല്‍ ചുമത്തിയ കുറ്റം. ഇരുവരെയും അറസ്റ്റ് ചെയ്തതായി അഡിഷണല്‍ ഡിജിപി ജിപി സിങ് അറിയിച്ചു.
അജ്ഞാത വീഡിയോ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമ സമിതി ഓഗസ്റ്റ് 29 ന് കുട്ടിയെ രക്ഷിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ശിശുസംരക്ഷണകേന്ദ്രത്തിലാക്കിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
അര്‍ബുദരോഗിയായ സിദ്ധി പ്രസാദ് സലൈന്‍ ചികിത്സയിലായിരുന്നതിനാല്‍ ആദ്യം അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് മടങ്ങി. എന്നാല്‍ ഇരുവരും ഒളിവില്‍ പോയതിനെ തുടര്‍ന്ന് പോലീസ് തിരച്ചിലാരംഭിച്ചിരുന്നു. പിന്നീട് നാഗാവില്‍ നിന്ന് തന്നെ ഇരുവരേയും കസ്റ്റഡിയിലെടുത്തു.
Content Highlights: Assam Doctor, Wife Arrested For Pouring Hot Water On 12-Year-Old Domestic Help