ദിസ്പുര്‍: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ രണ്ടുതവണ ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി അസമിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി സംഘം ഗവര്‍ണര്‍ ജഗദീഷ് മുഖിക്ക് നിവേദനം നല്‍കി. പ്രതിപക്ഷനേതാവ് ദേബബ്രത സൈക്കിയയുടെ നേതൃത്വത്തിലുള്ളസംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.

അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കുന്നതിനുപകരം എം.എല്‍.എ.മാര്‍ സര്‍ക്കാരിന്റെ ഭാഗമാകണണെന്നും പൊതുജനത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നുമാണ് ശര്‍മ പറഞ്ഞത്. കോണ്‍ഗ്രസ് എം.എല്‍.എ രുപ്‌ജ്യോതി കുര്‍മി രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാര്‍ വികസനകാര്യങ്ങളില്‍ മന്ത്രിമാരുടെ വാക്കുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും എം.എല്‍.എമാരെ കേള്‍ക്കേണ്ടതില്ലെന്നും അവരുടെ പണി നിയമസഭയില്‍ നിയമരൂപീകരണമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിവാദമായിരുന്നു.

'ജനാധിപത്യത്തെയും പ്രതിക്ഷത്തിന്റെ കടമകളെയും നിന്ദിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അങ്ങേയറ്റം മോശമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും പരിരക്ഷിക്കുമെന്നും അങ്ങയുടെ മുമ്പില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയുടെ ഇത്തരം പെരുമാറ്റം അസഹനീയമാണ്, പ്രതിപക്ഷം ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണപക്ഷവും പ്രതിപക്ഷവും അനിവാര്യഘടകങ്ങളാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. തങ്ങളുടെ നിയോജകമണ്ഡലങ്ങളിലെ വികസനം അടക്കമുള്ള കാര്യങ്ങളില്‍ എം.എല്‍.എ.മാര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. നിയമസഭയ്ക്കു പുറത്ത് എം.എല്‍.എ.മാര്‍ക്ക് ജോലിയൊന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണെന്നും അത് അടിസ്ഥാനരഹിതമാണെന്നും നിവേദനത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കു പുറമെ നിയമഭസഭാ സ്പീക്കര്‍ ബിശ്വജിത് ഡെയ്മറിക്കും പ്രതിപക്ഷം നിവേദനം നല്‍കിയിട്ടുണ്ട്. 

അതേസമയം, നിയമനിര്‍മാണസഭ എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നും സാമാജികന്റെ കടമകളെന്തൊക്കെയാണെന്നും ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വ്യക്തമാക്കി.

Content Highlights: Assam Congress says CM made ‘unconstitutional’ remarks, Sarma rejects charge