ഗുവഹാട്ടി: അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നാലു തവണ എംഎല്‍എയായിരുന്ന രൂപ്‌ജ്യോതി ഉടന്‍ ബിജെപിയില്‍ ചേരും. പാര്‍ട്ടി അംഗത്വത്തിന് പുറമേ നിയമസഭാംഗത്വവും അദ്ദേഹം രാജിവച്ചു. അസം നിയമസഭാ സ്പീക്കര്‍ ബിശ്വജിത് ഡൈമറിക്ക് കുര്‍മി രാജിക്കത്ത് നല്‍കി.

യുവനേതാക്കളുടെ ശബ്ദം പാര്‍ട്ടി നേതൃത്വം അവഗണിച്ചതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് ജോര്‍ഹട്ട് ജില്ലയിലെ മരിയാനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ രൂപജ്യോതി കുര്‍മി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനാകില്ലെന്നും അദ്ദേഹമാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടി മുന്നോട്ട് പോകില്ലെന്നും കുര്‍മി പറഞ്ഞു. 

'കോണ്‍ഗ്രസ് അതിന്റെ യുവ നേതാക്കളെ കേള്‍ക്കുന്നില്ല. അതിനാല്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നിയമസഭാ സ്പീക്കറെ കാണുകയും രാജി അറിയിക്കുകയും ചെയ്യും.' - രൂപ്‌ജ്യോതി കുര്‍മിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

രാജിക്ക് പിന്നാലെ അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള (എ.ഐ.യു.ഡി.എഫ്) കോണ്‍ഗ്രസിന്റെ സഖ്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന് ഇത്തവണ അധികാരത്തില്‍ വരാന്‍ നല്ല അവസരമുണ്ടെന്നും എ.യു.യു.ഡി.എഫുമായി സഖ്യം ഉണ്ടാക്കരുതെന്നും അതൊരു അബദ്ധമായിരിക്കുമെന്നും ഞാന്‍ അവരോട് പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Assam Congress MLA Rupjyoti Kurmi resigns, says Rahul Gandhi unable to shoulder leadership