ന്യൂഡല്‍ഹി: സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌റെ ഭാഗമായി പിടിച്ചെടുത്ത 163 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അഗ്നിക്കിരയാക്കി. രണ്ടു ദിവസങ്ങളായി അസമിലെ നാല് സ്ഥലങ്ങളിലാണ് പൊതുജനമധ്യത്തില്‍ മുഖ്യമന്ത്രി മയക്കുമരുന്നിന് തീ കൊളുത്തിയത്. 'അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം' എന്ന പേരില്‍ അദ്ദേഹം തന്നെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

18.82 കിലോഗ്രാം ഹെറോയിന്‍, 7944.72 കിലോഗ്രാം കഞ്ചാവ്, 67,371 കുപ്പി കഫ് സിറപ്പുകള്‍, 12ലക്ഷം മയക്കുമരുന്ന് ഗുളികകള്‍, 1.93 കിലോഗ്രാം മോര്‍ഫിന്‍, 3313 കിലോ ഒപിയം, 3 കിലോ മെതാംഫെറ്റാമിന്‍ എന്നിവയാണ് കഴിഞ്ഞ രണ്ടുമാസം കൊണ്ട് അസമില്‍ നിന്ന് പിടിച്ചെടുത്തത്. 1493 പേരെയാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം അറസ്റ്റുചെയ്തത്.

മയക്കുമരുന്ന് വ്യാപാരത്തെ സംസ്ഥാനത്ത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കാനാണ് തീയിലിട്ട് നശിപ്പിച്ചതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. 
"ഇത് മയക്കുമരുന്ന് വിപണിയിലെ വെറും 20 ശതമാനം മാത്രമാണ്. ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയാണ് മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ പ്രധാനം". ഇടപാടുകാരില്‍ സര്‍ക്കാരിനകകത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

"അസമില്‍ നിന്നാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകളെത്തുന്നത്. മയക്കുമരുന്ന് നിര്‍മ്മാണവും വിതരണവും  അവസാനിപ്പിക്കുന്നത് എന്‌റെ ഉത്തരവാദിത്ത്വമാണ്." മയക്കുമരുന്നു ഭീഷണിക്കെതിരേ ഏന്തു നടപടി എടുക്കാനും പോലീസിന് പൂര്‍ണ അനുമതിയുണ്ടെന്നും മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ടു വര്‍ഷം മുമ്പുതന്നെ അസമില്‍ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചിരുന്നു. രണ്ടുമാസം മുമ്പ് ഹിമന്ത സര്‍ക്കാര്‍ അധികാരമേറ്റതോടെ നടപടികള്‍ ശക്തമാക്കി.

Content Highlights: Assam CM burns Drugs Worth 163 crore