ഗുവഹാത്തി: കോവിഡ് വ്യാപനത്തിനൊപ്പം അസമിനെ ഭീതിയിലാഴ്ത്തി ആഫ്രിക്കൻ പന്നിപ്പനിയും. സംസ്ഥാനത്ത് ഇതുവരെ 2800 വളർത്തുപന്നികളാണ് പനി ബാധിച്ച് ചത്തൊടുങ്ങിയത്. ഫെബ്രുവരി മുതലുള്ള കണക്കുകളാണിത്. കൂടുതൽ പന്നികൾക്ക് രോഗമുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ഇന്ത്യയിലെ ആഫ്രിക്കൻ പന്നിപ്പനിയുടെ പ്രഭവകേന്ദ്രമായി അസം മാറി.

അസമിലെ ധേമാജി, വടക്കൻ ലഖിംപൂർ, ബിശ്വനാഥ്, ദിബ്രുഗഡ്, എന്നിവിടങ്ങളിലും, അരുണാചൽ പ്രദേശിലെ ചില ജില്ലകളിലുമാണ് പന്നികൾ കൂട്ടത്തോടെ ചത്തത്. ആദ്യഘട്ടത്തിൽ രോഗത്തെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനിയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

പന്നികളിൽ ബാധിക്കുന്ന ഈ രോഗത്തിന് 100 ശതമാനമാണ് മരണാധ്യത. ഇത് ആദ്യമായാണ് ഇന്ത്യയിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വൈറസ് എത്തിയതുപോലെ ചൈനയിൽ നിന്നാണ് ആഫ്രിക്കൻ പനിയും എത്തിയത് എന്നാണ് അസം പറയുന്നത്. 2018-2020 വർഷങ്ങളിൽ ചൈനയിലെ 60% വളർത്തുപന്നികളും പന്നിപ്പനി ബാധിച്ച് ചത്തിട്ടുണ്ട്.

2019ലെ കണക്കുകൾ പ്രകാരം 21 ലക്ഷമാണ് അസമിലെ പന്നികളുടെ എണ്ണം. ഇപ്പോൾ അത് 10 ലക്ഷം കൂടിയെന്നാണ്‌ അനൗദ്യോഗിക കണക്കുകൾ.

പന്നികൾ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തിൽ സ്വകാര്യ പന്നി ഫാമുകളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഫാമും, പരിസരവും അണുവിമുക്തമാക്കണം. പുറത്തു നിന്നും ആളുകളെ ഫാമിനകത്തേക്ക് പ്രവേശിപ്പിക്കരുത്. പന്നികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ഫാം ഉടമകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വെറ്റിനറി ആന്റ് ഫോറസ്റ്റ് വകുപ്പ്, നാഷണൽ പിഗ് റിസേർച്ച് സെന്റർ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ച് എന്നിവ സംയുക്തമായി ചേർന്ന് പ്രശ്നപരിഹാരത്തിനായി ആസൂത്രണം നടത്തണണെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ നിർദേശിച്ചിട്ടുണ്ട്.

1921-ൽ ആഫ്രിക്കയിലെ കെനിയയിലാണ് ലോകത്ത് ആദ്യമായി ആഫ്രിക്കൻ പനി റിപ്പോർട്ട് ചെയ്തത്.