മീററ്റ്: പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയ 17 വിദ്യാര്‍ഥിനികളെ അധ്യാപകന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി. അധ്യാപകന്റെ നിര്‍ദേശാനുസരണം രാത്രി സമയത്തും സ്‌കൂളില്‍ തങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് പീഡനത്തിനിരയായത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 

ക്ലാസിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡനം. നവംബര്‍ 17നാണ് സംഭവം. അന്നുരാത്രി സ്‌കൂളില്‍ തങ്ങിയ കുട്ടികള്‍ പിറ്റേദിവസമാണ് വീടുകളില്‍ തിരിച്ചെത്തിയത്. ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂള്‍ ഉടമയായ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസെടുത്തു. 

ഇരകളായ രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്ഥലം എംഎല്‍എ പ്രമോദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എംഎല്‍എ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുസാഫര്‍നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അധ്യാപകനെതിരേയുള്ള ആരോണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മുസാഫര്‍നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. 

അതേസമയം തുടക്കത്തില്‍ പീഡനത്തെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടും പുര്‍കാസി പോലീസ് നടപടി സ്വീകരിച്ചില്ലെന്നും സ്‌കൂള്‍ അധികൃതരെ സംരക്ഷിച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുര്‍കാസി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

content highlights: 17 girls sedated, molested by school teacher, aide in Meerut