ന്യൂഡല്‍ഹി: 'ബാഹു' (കൈ)വില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ 'ബാഹുബലി'യായി മാറുമെന്നും രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേർ ബാഹുബലിയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ കോവിഡ് വിഷയത്തിന് പ്രാമുഖ്യം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ചേരാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ബാഹു' (കൈ)വില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ 'ബാഹുബലി'യാകും. കോവിഡിനെതിരായ യുദ്ധത്തില്‍ രാജ്യത്ത് 40 കോടിയിലേറെ പേര്‍ ഇങ്ങനെ 'ബാഹുബലി'യായി മാറിയിട്ടുണ്ട്. ഇത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയാണിത്. അതുകൊണ്ട് പാര്‍ലമെന്റില്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കണം, മോദി പറഞ്ഞു.

ഏറ്റവും രൂക്ഷമായ, മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നാണ് എല്ലാ എംപിമാരോടും പറയാനുള്ളത്. എന്നാല്‍ അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ സര്‍ക്കാരിന് മറുപടി പറയാനുള്ള അവസരവും നല്‍കണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കും, ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, വികസനത്തെ മുന്നോട്ടുനയിക്കും, മോദി പറഞ്ഞു.

പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പ്രാമുഖ്യം കോവിഡ് പ്രതിരോധത്തിനും അതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കുമായിരിക്കണം. പോരായ്മകള്‍ തിരുത്തുന്നതിന് എല്ലാ എംപിമാരും പുതിയ കാഴ്ചപ്പാടോടെ കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കണം. കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാളെ നടക്കുന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു.

Content Highlights: Ask Tough Questions, But Allow Government To Reply- Modi