അമേത്തി: മോദിയോടും ആദിത്യനാഥിനോടും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. തന്റെ നിയോജകമണ്ഡലമായ അമേത്തിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥികളുന്നയിച്ച ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ഇങ്ങനെ മറുപടി പറഞ്ഞത്.

'സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും എന്തുകൊണ്ടാണ് ഗ്രാമങ്ങളില്‍ ശരിയായ രീതിയില്‍ നടപ്പില്‍ വരുത്താത്തത്' എന്നായിരുന്നു വിദ്യാര്‍ഥികളുടെ ഒരു ചോദ്യം. ബിജെപിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഇതിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. 'ഈ ചോദ്യം നിങ്ങള്‍ മോദിജിയോട് ചോദിക്കൂ. ഇത് എന്റെ സര്‍ക്കാരല്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ നിങ്ങള്‍ ഈ ചോദ്യം എന്നോടു ചോദിക്കൂ'- രാഹുല്‍ പറഞ്ഞു.

അമേത്തിയിലെ വൈദ്യുതി പ്രശ്‌നമാണ് ഒരു വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയത്. 'യോഗി സര്‍ക്കാരാണ് അമേത്തി ഭരിക്കുന്നത്. ഞാന്‍ അമേത്തിയിലെ എംപിയാണ്. എന്നാല്‍ എന്റെ ജോലി ലോക്‌സഭയില്‍ നിയമനിര്‍മാണമാണ്. ഉത്തര്‍പ്രദേശ് ഭരിക്കുകയെന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജോലിയാണ്. എന്നാല്‍ അദ്ദേഹത്തിന് മറ്റു പല കാര്യങ്ങളും ചെയ്യുന്നതിനാണ് തിരക്ക്'- അദ്ദേഹം പറഞ്ഞു. വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ യോഗി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിദ്വേഷ പ്രചരണം മാത്രമാണ് അവരുടെ പണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേത്തി, റായ്ബറേലി എന്നിവടങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന മൂന്നു ദിവസത്തെ സന്ദര്‍ശനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാവാത്ത യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. മുതലാളിമാര്‍ക്ക് 2.5 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാവുന്നില്ലെന്നും സര്‍ക്കാരിന് അക്കാര്യത്തില്‍ നയങ്ങളൊന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Content Highlights: Rahul Gandhi's response to students, Amethi, Raebareli, Uttar Pradesh