ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ ബൈ ഡയറക്ഷണല്‍ തുരങ്കം സോജിലാ ചുരത്തില്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 6089 കോടിയാണ് നിര്‍മാണച്ചിലവ് പ്രതീക്ഷിക്കുന്നത്. തുരങ്കനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ശ്രീനഗര്‍- ലേ യാത്രാസമയം മൂന്നരമണിക്കൂറില്‍നിന്ന് പതിനഞ്ച് മിനിറ്റായി കുറയും.

എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന തുരങ്കത്തിന്റെ ദൈര്‍ഘ്യം 14.2 കിലോമീറ്ററാണ്. ഈ തുരങ്കം നിലവില്‍ വരുന്നതോടെ ശൈത്യകാലത്ത് മറ്റു പ്രദേശങ്ങളില്‍നിന്ന് കശ്മീര്‍, ശ്രീനഗര്‍, ലേ തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഒഴിവാക്കാനാകും.

പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഏഴുവര്‍ഷമാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിക്കുന്ന കാലയളവ്. പദ്ധതിയുടെ തറക്കല്ലിടല്‍ ഈ വര്‍ഷം തന്നെ പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് റോഡ് ഗതാഗത- ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

സമുദ്രനിരപ്പില്‍നിന്ന് 11578 അടി ഉയരത്തിലാണ് സോജിലാ ചുരം സ്ഥിതി ചെയ്യുന്നത്. ഇതിലൂടെയുള്ള  ശ്രീനഗര്‍- കാര്‍ഗില്‍- ലേ ദേശീയപാത ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെ അടച്ചിടുകയാണ് പതിവ്. ഇതോടെ ലേ- ലഡാക്ക് മേഖലകള്‍ കശ്മീരില്‍നിന്ന് ഒറ്റപ്പെട്ടു പോകാറുമുണ്ട്. നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. 

content highlights: Asia's largest bi directional tunnel to be build in zoji la pass