പ്രതീകാത്മകചിത്രം | Photo : PTI
പട്‌ന: ബിഹാറില്‍ കേന്ദ്ര സര്‍ക്കാരിന്റെ അമൃത് സരോവര്‍ പദ്ധതിയുടെ ഭാഗമായി കുളം നവീകരിക്കുന്നതിനിടെ കുമ്രഹാര്‍ പ്രദേശത്ത് രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ചുമരുകളുടെ അവശേഷിപ്പുകള്‍ കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ പട്‌ന സര്‍ക്കിളാണ് പുരാതന ഭിത്തികളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. കുളത്തിന്റെ നവീകരണത്തിനായി ഭൂമി കുഴിക്കുന്നതിനിടെയാണ് ചുമരുകള്‍ കണ്ടെത്തിയതെന്ന് എഎസ്‌ഐ പട്‌ന സര്‍ക്കിള്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ഗൗതമി ഭട്ടാചാര്യ പറഞ്ഞു. നേരത്തെ ഈ പ്രദേശത്തുനിന്ന് മൗര്യ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തിരുന്നു.
ഇഷ്ടികകള്‍ കൊണ്ട് പണികഴിപ്പിച്ച ചുമരുകളാണ് കണ്ടെത്തിയിട്ടുള്ളത്. അവയുടെ ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ച് വിദഗ്ധസംഘം പരിശോധന നടത്തി വരികയാണെന്നും ഗൗതമി ഭട്ടാചാര്യ അറിയിച്ചു. കുശാന രാജവംശത്തിന്റെ കാലഘട്ടത്തിലുള്ള നിര്‍മിതിയാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എഡി 30 മുതല്‍ എഡി 375 വരെയുള്ള കാലഘട്ടത്തില്‍ വടക്കേ ഇന്ത്യയുടെ ഭൂരിഭാഗവും ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനും മധ്യഏഷ്യയുടെ ചില ഭാഗങ്ങളും ഭരിച്ചിരുന്ന രാജവംശമാണിത്. കുശാനവംശത്തിലെ ഏറ്റവും പ്രധാനിയായ രാജാവാണ് കനിഷ്‌കന്‍. ബുദ്ധമതത്തിന്റെ ഏറ്റവും വലിയ പ്രചാരകനെന്ന നിലയിലും കനിഷ്‌കന്‍ പ്രസിദ്ധനാണ്.
അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബിഹാറിലെ പതിനൊന്ന് കുളങ്ങളാണ് എഎസ്‌ഐ പട്‌ന പുനര്‍നവീകരിക്കുന്നത്.
Content Highlights: ASI, 2,000 Year Old Walls, Patna, Kushan Age
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..