ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ മുതിര്‍ന്ന നേതാവ് അശോക് സിംഗാള്‍ (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുഡ്ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 

20 വര്‍ഷക്കാലം വി.എച്ച്.പിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സിംഗാള്‍ ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2011 ഡിസംബറിലാണ് സ്ഥാനമൊഴിഞ്ഞത്. 

1926 സപ്തംബര്‍ 15 ന് ആഗ്രയിലാണ് സിംഗാള്‍ ജനിച്ചത്. ബനാറാസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ആര്‍എസ്.എസില്‍ ചേര്‍ന്നു. 1980 ലാണ് വി.എച്ച്.പിയിലെത്തുന്നത്. 1984 ല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് പ്രസിഡന്റുമായി. 2011 വരെ സ്ഥാനത്ത് തുടര്‍ന്നു.

രാമക്ഷേത്ര നിര്‍മാണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കിയതിനുപിന്നിലെ പ്രധാന ബുദ്ധികേന്ദ്രം സിംഗാളിന്റേതായിരുന്നു. അടുത്ത കാലത്ത് ഏറെ വിവാദമുണ്ടാക്കിയ ഘര്‍വാപസിക്ക് തുടക്കമിട്ടതും സിംഗാളാണ്. 

എന്ത് വിലകൊടുത്തും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന നിലപാടില്‍ നിന്ന് പിന്നീട് വി.എച്ച്.പി പിന്നോട്ട് പോയി. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി തര്‍ക്കസ്ഥലത്തിന് പുറത്ത് ശിലാദാനം നടത്തി മുഖം രക്ഷിക്കുകയാണ് അന്ന് സിംഗാള്‍ ചെയ്തത്. 

ഹിന്ദു തീവ്രപക്ഷത്തിന്റെ അനിഷേധ്യ നേതാവെന്ന ഖ്യാതി ഈ സംഭവത്തിലൂടെ സിംഗാളിന് നഷ്ടപ്പെട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശകരുടെ വാദം. വി.എച്ച്.പി അനുയായികളില്‍ നിന്ന് ചതിയന്‍ എന്ന ആരോപണം വരെ സിംഗാളിന് കേള്‍ക്കേണ്ടി വന്നു. രാമജന്മഭൂമിയിലെ ശിലാദാനത്തിന് രാമസേവകരെ നയിച്ച് ഘോഷയാത്ര തുടങ്ങുംവരെ കണ്ട ഉശിര് ഒടുവില്‍ കണ്ടില്ലെന്നായിരുന്നു ആരോപണം.