ജയ്പുര്‍: രാജസ്ഥാനിലെ മുഴുവന്‍ മന്ത്രിമാരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിന് രാജി സമര്‍പ്പിച്ചു. സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ മന്ത്രിമാരും രാജി സമര്‍പ്പിച്ചത്. ഞായറാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നിരവധി യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സംസ്ഥാനത്തെ മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് തീരുമാനമായിരിക്കുന്നത്. മുതിര്‍ന്ന നേതാവ് സച്ചിന്‍ പൈലറ്റും ഹൈക്കമാന്റ് പ്രതിനിധികളും ചര്‍ച്ചകളുടെ ഭാഗമായി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു.

സമീകാലത്ത് കോണ്‍ഗ്രസിന്റെ ഭാഗമായ മുന്‍ ബി.എസ്.പി എം.എല്‍.എമാരില്‍ ചിലരും മന്ത്രിസഭയുടെ ഭാഗമായേക്കും. മന്ത്രിസഭയുടെ ഭാവി സുരക്ഷിതമാക്കുന്നതില്‍ ഇവരുടെ പിന്തുണ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. നിലവില്‍ 21 അംഗ മന്ത്രിസഭയാണ് രാജസ്ഥാനിലുണ്ടായിരുന്നത്. 9 പേരെക്കൂടി ഉള്‍പ്പെടുത്താനും സാധിക്കും.

മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മൂന്ന് മന്ത്രിമാര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കത്തയച്ചിട്ടുണ്ട്. ഇവര്‍ക്ക് പാര്‍ട്ടി ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Ashok Gehlot Takes All Ministers' Resignation Before Big Rajasthan Rehaul