അശോക് ഗഹലോത്ത്. Photo: PTI
ന്യൂഡല്‍ഹി: 2007-2009 ലെ രാസവളം കയറ്റുമതി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിന്റെ മൂത്ത സഹോദരനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഗെഹ്‌ലോതിന്റെ സഹോദരന്‍ അഗ്രസെയിന്‍ ഗെഹ്‌ലോതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും.
ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ഇ.ഡി.ഓഫീസില്‍ ഹാജരാകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അഗ്രസെയിന്‍ ഗെഹ്‌ലോതിന്റെ കമ്പനിയിലും മറ്റു സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്,ഡല്‍ഹി എന്നിവിടങ്ങളിലായി 13 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ് അഴിമതി കണ്ടെത്തി ഏഴ് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ അന്വേഷണം നടത്തുന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. രാജസ്ഥാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ നില്‍ക്കെയാണ് ഇ.ഡിയുടെ റെയ്ഡും അന്വേഷണവും എന്നതും ശ്രദ്ധേയമാണ്.
റെയ്ഡിനിടെ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അഗ്രസെയിന്‍ ഗെഹ്ലോതിനെ കൂടാതെ കേസുമായി ബന്ധപ്പെട്ട മറ്റു ചിലരോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന രാവസവളം വിദേശത്തേക്ക് മറിച്ചുവിറ്റുവെന്നാണ് അഗ്രസെയിന്‍ ഗെഹ്‌ലോതിന്റെ കമ്പനിക്കെതിരായ പ്രധാന ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..