Ashok Gehlot, Rahul Gandhi
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അശോക് ഗഹ്‌ലോത് രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും. രണ്ടുസ്ഥാനങ്ങള്‍ ഒന്നിച്ച് വഹിക്കാന്‍ പറ്റില്ലെന്ന നിലപാട് രാഹുല്‍ ഗാന്ധി എടുത്തതോടെയാണ് ഗഹ്‌ലോതിന്റെ പിന്‍മാറ്റം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന രാഹുല്‍-ഗഹ്‌ലോത് കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയതെന്നാണ് വിവരം.
അധ്യക്ഷനായാലും കുറച്ചുകാലം മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ തന്റെ വിശ്വസ്തര്‍ക്ക് മുഖ്യമന്ത്രി പദം നല്‍കണമെന്ന രണ്ട് നിര്‍ദേശമായിരുന്നു ഗഹ്‌ലോത് മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് രണ്ടും അംഗീകരിക്കാന്‍ ഗാന്ധി കുടുംബം തയ്യാറായില്ല. ഇതോടെയാണ് ഗഹ്‌ലോത് നിലപാട് മയപ്പെടുത്തിയത്. അതേസമയം, തന്റെ മുഖ്യ എതിരാളിയായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടര്‍ചര്‍ച്ചകളിലുടെ ഗഹ്‌ലോത് തുടര്‍ന്നേക്കും.
മത്സരിക്കാനില്ലെന്ന് രാഹുല്‍ഗാന്ധി ഉറച്ച നിലപാടെടുത്തതോടെയാണ് 22 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടെ ഉന്നതപദവിയിലേക്ക് മത്സരം ഉറപ്പായത്. അധ്യക്ഷസ്ഥാനത്തേക്ക് നിലവില്‍ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത് ഗഹ്‌ലോതിന്റെയും ശശി തരൂരിന്റെയും പേരുകളാണ്. മനീഷ് തിവാരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്നിക്, കമല്‍നാഥ് തുടങ്ങിയ പേരുകളും ചില കോണുകളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ നാളെമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഗഹ്‌ലോതും ശശി തരൂരും അടുത്തയാഴ്ചയാകും പത്രിക നല്‍കുക.
ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിനമായ സെപ്റ്റംബര്‍ 30-ന് വ്യക്തമാകും. ഒക്ടോബര്‍ ഒന്നിന് സൂക്ഷ്മപരിശോധന നടക്കും. എട്ടുവരെ പിന്‍വലിക്കാം. സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക എട്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് 17-നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19-നും നടക്കും.
Content Highlights: Ashok Gehlot ready to quit CM seat for Congress chief post


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..