അശോക് ഗെഹലോത്, സച്ചിൻ പൈലറ്റ്
ജയ്പൂര്‍: സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി സച്ചിന്‍ പൈലറ്റുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്. 2020ലെ വിമത നീക്കമാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ചകളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തിന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഗഹലോത്തിന്റെ പ്രതികരണം. സച്ചിന്‍ പൈലറ്റിനെ നേരിട്ട് കുറ്റപ്പെടുത്തുന്നതല്ല ഗെഹ്‌ലോത്തിന്റെ പ്രതികരണമെങ്കിലും സച്ചിനെ കൂടി ലക്ഷ്യമിടുന്നതാണ് വാക്കുകള്‍.
രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമം സച്ചിന്‍ പൈലറ്റ് ഉപേക്ഷിച്ചിരുന്നില്ലെങ്കില്‍ കിഴക്കന്‍ മേഖലയിലെ കനാല്‍ പദ്ധതി വിജയകരമാകുമായിരുന്നുവെന്നും ഇപ്പോള്‍ വെള്ളമെത്തുമെന്നുമായിരുന്നു കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ഒരു ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞത്. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രതികരണമാരാഞ്ഞപ്പോഴാണ് ബിജെപി സച്ചിനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കാര്യം തെളിഞ്ഞില്ലേയെന്ന് അശോക് ഗഹലോത്ത് ചോദിച്ചത്.
2020ലെ വിമത നീക്കവുമായി ബന്ധപ്പെട്ട് ഗജേന്ദ്ര സിങ്ങിനെതിരേ ഒരു കേസും കോടതിയില്‍ നിലവിലുണ്ട്. അഴിമതി വിരുദ്ധ ബ്യൂറോയുടെ കേസ് പ്രകാരം കോടികള്‍ ചിലവഴിച്ച് വിമതരെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി ശ്രമിച്ചുവെന്നതാണ്. അന്ന് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഗജേന്ദ്ര സിങ്ങിന്റെ പ്രസ്താവന.
2023ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന തര്‍ക്കം വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ഇത് കൂടി മുന്നില്‍ക്കണ്ട് ആയിരിക്കണം അശോക് ഗഹലോത്തിന്റെ പ്രസ്താവന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..