ജയ്പുര്‍: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ബി.ജെ.പി. രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഗെഹ്‌ലോത് ആരോപിച്ചു.

എം.എല്‍.എമാരെ അടര്‍ത്തിമാറ്റി ഗെഹലോത്ത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗെഹ്‌ലോത്തിന്റെ ആരോപണം. കൂറുമാറാന്‍ എം.എല്‍.എമാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് ബി.ജെ.പി. വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സതീഷ് പൂനിയയോ രാജ്യവര്‍ധന്‍ സിങ്ങോ ആകട്ടെ അവര്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് ഞങ്ങളുടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള കളികള്‍ കളിക്കുകയാണ്. അവര്‍ 10 കോടി അഡ്വാന്‍സ് ആയും 15 കോടി സര്‍ക്കാരിനെ വീഴ്ത്തിക്കഴിഞ്ഞും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നു.

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പി. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഗെഹ്‌ലോത് ആരോപിച്ചു.

content highlights: ashok gehlot criticises bjp