അശോക് ഗഹ് ലോതിന്റേയും സച്ചിൻ പൈലറ്റിന്റേയും കൈപിടിച്ച് ഉയർത്തുന്ന കെ.സി.വേണുഗോപാൽ |ഫോട്ടോ:ANI
ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ താത്കാലിക വെടിനിര്‍ത്തല്‍. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോതും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തി തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു. സച്ചിന് പൈലറ്റിനെ ചതിയനെന്ന് ഗഹ്ലോത് വിശേഷിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നേതാക്കള്‍ ഒരുമിച്ചൊരു വേദിയിലെത്തിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ നാലിന് രാജസ്ഥാനിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഇരുനേതാക്കളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒറ്റക്കെട്ടാണെന്ന് അറിയിച്ചത്.
ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ ഏകോപനം സംബന്ധിച്ച് രാജസ്ഥാന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നു. യോഗത്തിനെത്തിയ ഗഹ്ലോതും പൈലറ്റും പരസ്പരം കെകൂപ്പി അഭിവാദ്യം ചെയ്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
പാര്‍ട്ടിയാണ് എല്ലാത്തിനും മീതെയെന്നും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനും അതിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗഹ്ലോത് പറഞ്ഞു.
'രാജ്യത്ത് സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് വെല്ലുവിളിയാണ്. എന്നാല്‍, രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ ജനങ്ങള്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നാണ് യാത്രയുടെ വിജയം കാണിക്കുന്നത്' ഗഹ്ലോത് കൂട്ടിച്ചേര്‍ത്തു.
പരമാവധി ആവേശത്തോടെയും ഊര്‍ജത്തോടെയും രാഹുല്‍ ഗാന്ധിയുടെ യാത്രയെ രാജസ്ഥാനിലേക്ക് സ്വാഗതം ചെയ്യുമെന്ന് സച്ചിന് പൈലറ്റും വ്യക്തമാക്കി.
12 ദിവസമാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പര്യടനം നടത്തുക. രാജസ്ഥാന് കോണ്‍ഗ്രസിലെ തര്‍ക്കം യാത്രയെ ബാധിക്കുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം കെ.സി. വേണുഗോപാലിനെ രാജസ്ഥാനിലേക്കയച്ചത്. വാര്‍ത്താസമ്മേളനത്തിന് ശേഷം വേണുഗോപാല്‍ ഇരുനേതാക്കളുടേയും കൈകള്‍ കോര്‍ത്ത് ഉയര്‍ത്തി നില്ക്കുന്ന ചിത്രവും പുറത്തെത്തിയിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സച്ചിന് പൈലറ്റിനെ ഗഹ്ലോത് ചതിയനെന്ന് വിശേഷിപ്പിച്ചത്. വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തിനിടെ ഗഹ്ലോത് പറഞ്ഞിരുന്നു.
Content Highlights: Ashok Gehlot And Sachin Pilot Stand Together In Rajasthan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..