ലക്‌നൗ: ലഖിംപുര്‍ കേസിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി സംശയം. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ യുപി പോലീസ് ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. 

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്കരികിലാണ് ആശിഷ് മിശ്ര ഉണ്ടായിരുന്നതെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമെന്ന് ദേശീയ മാധ്യമമായ സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും റിപ്പോർട്ട് പറയുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി. വന്‍ പോലീസ് സന്നാഹമാണ് ആശിഷ് മിശ്രയ്ക്കായി തിരച്ചില്‍ നടത്തുന്നതിനായി രംഗത്തുള്ളത്. 

ആശിഷ് മിശ്രയുടെ വസതിക്ക് മുന്നില്‍ നേരത്തെ യുപി പോലീസ് നോട്ടീസ് പതിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്തു എന്നുതുടങ്ങിയ വിവരങ്ങള്‍ സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പോലീസ് നടപടികള്‍ കര്‍ക്കശമാക്കിയതിന്റെ ഭാഗമായാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയത്. 

സംഭവത്തില്‍ ആശിഷിന്‍റെ പങ്ക് സംബന്ധിച്ച് സ്ഥിരീകരണം വരുകയാണെങ്കില്‍ ഇത് കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ഇപ്പോള്‍തന്നെ അജയ് മിശ്രയെ പുറത്താക്കുന്നതിന് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദമേറുന്നുണ്ട്. കേന്ദ്ര സര്‍ക്കരിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരുവിധ പ്രതികരണവും സംഭവത്തില്‍ ഉണ്ടായിട്ടുമില്ല.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകസമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ സ്ഥലത്തുവെച്ചും രണ്ടുപേര്‍ പിന്നീടും മരിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് യുപി പോലീസ് ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. 

Content Highlights: Ashish Mishra dodges interrogation notice and rumours that Ashish Mishra fleed to nepal