ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി (എഐഎംഐഎം). മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി ആകെയുള്ള 234 മണ്ഡലങ്ങളില്‍ മജ്‌ലിസ് പാര്‍ട്ടി മൂന്നിടങ്ങളില്‍ മത്സരിക്കാന്‍ തീരുമാനമായി. 

വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മൂന്ന് സീറ്റുകളിലാണ് മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുക. നേരത്തെ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന 20 സീറ്റുകളുടെ പട്ടിക എഐഎംഐഎം തമിഴ്‌നാട് ഘടകം ഒവൈസിക്ക് കൈമാറിയിരുന്നു. 

തമിഴ്‌നാട്ടില്‍ മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഒവൈസി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സഖ്യം സംബന്ധിച്ച വിവരങ്ങളില്‍ ഇപ്പോഴാണ് സ്ഥിരീകരണമായത്. നേരത്തെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ ഒവൈസിയുടെ പാര്‍ട്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെയും മനിതനേയ മക്കള്‍ കക്ഷിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഈ വഴി അടയുകയായിരുന്നു. 

കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ഏപ്രില്‍ ആറിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 

content highlights: Asaduddin Owaisi's Party Ties Up With TTV Dhinakaran's AMMK In Tamil Nadu