ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാന്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒരുങ്ങുന്നു. സംസ്ഥാനത്തെ 19 ജില്ലകളില്‍ അനധികൃത കുടിയേറ്റക്കാരുടെ ആദ്യഘട്ട കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആദ്യ പട്ടിക യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു കഴിഞ്ഞു. ആദ്യ റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം മുസ്ലീംഗങ്ങളല്ലാത്ത 40000ത്തോളം അനധികൃത കുടിയേറ്റക്കാര്‍ യുപിയിലുണ്ട്.

പൗരത്വമില്ലാത്ത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി യുപി മന്ത്രി ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി. നിയമം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ശ്രീകാന്ത് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സംസ്ഥാന ആഭ്യന്തര വകുപ്പില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ആദ്യ പട്ടികിയിലെ അനധികൃത കുടിയേറ്റക്കാര്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വിവരശേഖരണം സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി. 

ഗോരഖ്പുര്‍, അലിഗഢ്, രാംപുര്‍, പിലിഭിത്ത്, ലഖ്‌നൗ, വാരണാസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റക്കാരാണ് സര്‍ക്കാറിന്റെ ആദ്യ അഭയാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പിലിഭിത്തിലാണ്‌ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്‌. അതേസമയം ഒരോ ജില്ലകളില്‍നിന്നുമുള്ള കൃത്യമായ അഭയാര്‍ഥികളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. 

രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി ജനുവരി പത്തിനാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. നേരത്തെ പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ ഏറ്റവുമധികം ആളുകളുടെ ജീവന്‍ നഷ്മായതും ഉത്തര്‍പ്രദേശിലായിരുന്നു. പത്തൊമ്പതോളം പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.

Content Highlights; As UP Becomes 1st State to Begin CAA Implementation, 40,000 Refugees Identified