ന്യൂഡല്‍ഹി: ഫ്രഞ്ച് നിര്‍മിത റഫാല്‍ കൂടിയെത്തുന്നതോടെ വ്യോമസേനയുടെ ആക്രമണ ശേഷി പലമടങ്ങായി വര്‍ധിച്ചു. റഫാല്‍ വരുന്നതോടെ മേഖലയിലെ ആകാശത്ത് ഇന്ത്യ സുപ്രധാന വ്യോമശക്തിയാര്‍ജിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ വിശ്വസ്തനും ശത്രുവിനെ കടന്നാക്രമിക്കാനുതകുന്നതുമായ റഷ്യന്‍ നിര്‍മിത സുഖോയ് യുദ്ധവിമാനവും കൂടിയാകുമ്പോള്‍ വ്യോമസേനയുടെ ആക്രമണ ശേഷി പലമടങ്ങായി വര്‍ധിക്കും.
റഫാലും സുഖോയിയും ഒരുമിച്ച് ഒരു സൈനിക നീക്കം നടത്തിയാല്‍ അത് തടയാന്‍ എതിരാളികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരും. പാക്- ചൈന അച്ചുതണ്ട് ഒരേസമയം ബഹുമുഖ യുദ്ധമുഖങ്ങള്‍ തുറക്കുകയാണെങ്കില്‍ ഇരു യുദ്ധവിമാനങ്ങളും ഒരുമിച്ച് പോരിനിറങ്ങും. വ്യോമയുദ്ധത്തില്‍ യാതൊരു മുന്‍പരിചയവും ചൈനയ്ക്കില്ല. നേരേമറിച്ച് ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ അനുഭവ പാഠങ്ങള്‍ ധാരാളമുണ്ടുതാനും.
നിലവില്‍ ചൈനയുടെ അത്യാധുനിക യുദ്ധവിമാനമായ ചെങ്ഡു ജെ-20 യുദ്ധവിമാനത്തിനേക്കാള്‍ റഫാല്‍ കാര്യക്ഷമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശത്രു റഡാറുകളുടെ കണ്ണില്‍ പെടാതെ പറക്കാന്‍ ശേഷിയുള്ളതെന്നാണ് ചെങ്ഡു ജെ-20 എന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ 2018 ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള റഡാറുകളില്‍ ചെങ്ഡുവിനെ വളരെ ദൂരെനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുഖോയ് യുദ്ധവിമാനത്തില്‍ ഈ സവിശേഷതകളുള്ള റഡാറാണ് ഉള്ളത്. ചെങ്ഡുവിനെ കിലോമീറ്ററുകള്‍ അകലെവെച്ച് തന്നെ തിരിച്ചറിയാന്‍ ഇതിന് സാധിക്കും.
അമേരിക്കന്‍ നിര്‍മിത സ്‌റ്റെല്‍ത്ത് ഫൈറ്ററായ എഫ്-35നെ പോലും 59 കിലോമീറ്റര്‍ അകലെവെച്ച് തിരിച്ചറിയാന്‍ ഈ റഡാറിന് സാധിക്കും. ചൈനയുടെ ജെ-20യെക്കാള്‍ ദൂരെനിന്ന് ആക്രമിക്കാനുള്ള ശേഷി എഫ്-35ന് ഉണ്ട്. അങ്ങനെയുള്ളപ്പോള്‍ സുഖോയ്ക്ക് ജെ-20 ഒരു എതിരാളിയേ അല്ല. ഈ സാഹചര്യത്തിലാണ് റഫാല്‍ കൂടി വ്യോമസേസനയുടെ ഭാഗമാകുന്നത്.
2016ലാണ് 36 വിമാനങ്ങള്‍ക്കായി ഇന്ത്യ- ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. 58,000 കോടി രൂപയ്ക്കാണ് വിമാനങ്ങള്‍ വാങ്ങുന്നത്. കാറ്റിന്റെ പ്രവാഹം എന്നാണ് റഫാല്‍ എന്ന വാക്കിന്റെ അര്‍ഥം. നിരവധി ആയുധള്‍ക്കൊപ്പം ഇന്ത്യ ആവശ്യപ്പെട്ട മാറ്റങ്ങള്‍ക്കൊപ്പമാണ് ഇവ വ്യോമസേനയ്ക്ക് കൈമാറുന്നത്. റഫാലിന് ആകാശ യുദ്ധത്തില്‍ സുഖോയ് വിമാനത്തേക്കാള്‍ കാര്യക്ഷമത കൂടുതലാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ എതിരാളികളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ശത്രുവിന്റെ ആകാശത്ത് പ്രവേശിക്കാനായാല്‍ ഇവയെ രണ്ടിനെയും ഒന്നിച്ചെതിര്‍ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ത്രിതല ശേഷിയുള്ള വിമാനത്തിന് ആകാശത്തിലേക്കും കരയിലേക്കും കടലിലെ ലക്ഷ്യങ്ങളിലേക്കും ആക്രമണം നടത്താന്‍ ഇതിന് സാധിക്കും.
നേരേമറിച്ച് സുഖോയ് യുദ്ധവിമാനത്തില്‍ സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് ഇന്ത്യ ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ യുദ്ധവിമാനത്തിന്റെ പ്രഹരശേഷി മാരകമായിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് അഞ്ച് വിമാനങ്ങള്‍ ഇന്ത്യയിലെത്തും. അംബാല വ്യോമതാവളത്തിലേക്കാണ് ഇവ എത്തുക. അംബാലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി.

Content Highlights: Rafale, Sukhoi Su-30MKI, Indian Airforce, France