ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെക്കുറിച്ച് മന്ത്രിമാര്‍ നടത്തിയ ചില പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ ഉണ്ടാകാന്‍ ഇടയാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മഹാമാരി അവസാനിക്കുകയാണെന്ന മട്ടില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രസ്താവനകള്‍ ജനങ്ങളില്‍ 'സുരക്ഷയെക്കുറിച്ചുള്ള തെറ്റായ ബോധം' ഉണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.

കോവിഡിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് രാഷ്ട്രീയ ഇടനാഴികളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വേദനാജനകമാണ്. ലോകാരോഗ്യ സംഘടന, ഐസിഎംആര്‍ എന്നിവ ശാസ്ത്രീയ തെളിവുകളിലൂടെ തെളിയിക്കാതെ രോഗത്തെക്കുറിച്ചുള്ള ഇത്തരം പ്രസ്താവനകള്‍ പാടില്ല. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്ത് കരുതലോടെ ഇരിക്കേണ്ടത് അനിവാര്യമാണെന്നും ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചു.

ആധാകാരികമല്ലാത്ത രാഷ്ട്രീയ പ്രസ്താവനകളിലൂടെ ആത്മപ്രശംസ നടത്തുന്നതും കൊട്ടിഘോഷിക്കുന്നതും ഒഴിവാക്കുക. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ 35-40 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ കോവിഡ് മഹാമാരി അതിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് ഹര്‍ഷ വര്‍ധന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഡല്‍ഹിയില്‍ കോവിഡ് അവസാനിക്കാന്‍ പോകുകയാണെന്ന തരത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും പ്രസ്താവന നടത്തിയിരുന്നു.

Content Highlights: As Ministers Talk End Of Pandemic, A Strong Warning From IMA, Covid 19