രാജ്യത്ത് വീണ്ടും വധശിക്ഷകള്‍ക്ക് കളമൊരുങ്ങുന്നു. കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കെതിരെ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതോടെയാണിത്. ഈ മാസം 22 ന് രാവിലെ ഏഴിനാണ് വധശിക്ഷ നടപ്പാക്കുക. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതോടെ നീതി നടപ്പാക്കാന്‍ വൈകുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. പിന്നാലെയാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കം.
വധശിക്ഷ സംബന്ധിച്ച കണക്കുകള്‍
1947നുശേഷം ഇന്ത്യയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 720 ഓളം പേരെ. ഇവരില്‍ പകുതിയോളം പേര് ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍. ഹരിയാനയില്‍നിന്നുള്ള 90 പേരെയും മധ്യപ്രദേശില്‍നിന്നുള്ള 73 പേരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയേയും നാരായണ്‍ ഡി ആപ്തേയുമാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഹരിയാണയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ 1949 നവംബര്‍ 15 ന് ഇവരെ തൂക്കിലേറ്റി.