ഭോപ്പാൽ: കുതിച്ചു കയറുന്ന ഇന്ധനവിലയെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിക്കുന്നതിന് പകരം അദ്ദേഹത്തെ പ്രശംസിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി. പെട്രോളിനും ഡീസലിനും പകരം സൗരോർജ്ജവും വൈദ്യുതോർജ്ജവും ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ധനവില നിയന്ത്രിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

'ഗതാഗതമേഖലയിൽ സൗരോജ്ജം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര ഇന്ധനവില നിയന്ത്രിക്കാനുള്ള ഏർപ്പാട് മോദി ചെയ്തു കഴിഞ്ഞു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഇന്ധനവില കുറയ്ക്കാൻ സഹായിക്കും'. ഉപഭോക്താക്കൾക്ക് അൽപം ആശ്വാസം പകരാൻ സംസ്ഥാന സർക്കാർ ഇന്ധന നികുതിയിൽ ഇളവ് നൽകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയെ താൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നതായി വിശ്വാസ് സാരംഗ് അറിയിച്ചത്.

'ആവശ്യകതയും വിതരണവുമാണ് ആഗോള വിപണിയിൽ വില നിർണയിക്കുന്നത്. ആവശ്യകത കുറയുമ്പോൾ സ്വാഭാവികമായും വിലയിലും കുറവ് വരും. ഈ ലക്ഷ്യം മുൻനിർത്തിയാണ് പ്രധാനമന്ത്രി ഇലക്ട്രിക്‌ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെ നമുക്ക് ഇന്ധന വില കുറയ്ക്കാൻ കഴിയും'. സാരംഗ് പ്രസ്താവിച്ചു. പുനരുപയോഗിക്കാവുന്ന ഊർജ്ജത്തെ കുറിച്ചും ഇലക്ട്രിക് വാഹനങ്ങൾക്ക് 10,000 കോടി രൂപയുടെ സബ്സിഡി അനുവദിക്കുന്ന കാര്യവും പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു സാരംഗിന്റെ പ്രസ്താവന.

മധ്യപ്രദേശിലെ അനുപ്പുർ ജില്ലയിൽ പെട്രോൾ വില വ്യാഴാഴ്ച ലിറ്ററിന് നൂറ് രൂപ കടന്നിരുന്നു. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ധനവില കുറയ്ക്കാൻ നികുതിയിളവ് നൽകിയിട്ടുണ്ട്. എന്നാൽ മധ്യപ്രദേശിൽ ഇത് നടപ്പാക്കുമോയെന്ന കാര്യം വ്യക്തമല്ല.

Content Highlights: As Fuel Prices Soar, Madhya Pradesh Minister "Congratulates" PM Modi