ന്യൂഡല്‍ഹി: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അനാവശ്യമാണെന്നും ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. സംസ്ഥാനത്ത് കര്‍ഷകര്‍ 10 ദിവസം നീണ്ട പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 

കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ തയാറാവണമെന്നും അല്ലെങ്കില്‍ കനത്ത നഷ്ടം നേരിടേണ്ടിവരുമെന്നും ഘട്ടര്‍ ഉപദേശിച്ചു.

മുഖ്യമന്ത്രിക്ക് പുറമെ, ഉത്തര്‍പ്രദേശ് കാര്‍ഷിക മന്ത്രി ബാലകൃഷ്ണ പട്ടിദാറും കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന വാദം തള്ളി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക നയങ്ങളില്‍ കര്‍ഷകര്‍ തൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ജൂണ്‍ രണ്ടാം തീയതിയാണ്. എവിടെയാണ് കര്‍ഷകരിപ്പോള്‍ സമരം ചെയ്യുന്നത്. ഒരു കര്‍ഷകന്‍ പോലും സമരങ്ങളില്‍ പങ്കെടുക്കുന്നില്ല. അവിടുത്തെ മുഖ്യമന്ത്രിയുടെ കര്‍ഷക നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഹരിക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിളകള്‍ക്ക് ന്യായമായ വില ലഭിക്കണമെന്നും വായ്പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് രാജ്യത്താകമാനുള്ള കര്‍ഷകര്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രതികരണം. പാലും പച്ചക്കറിയും ഉള്‍പ്പെടെയുള്ള വിളകള്‍ റോഡില്‍ എറിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.