നവജ്യോത് സിങ് സിദ്ദുവിന്റെ രാജി കത്ത്, നവജ്യോത് സിങ് സിദ്ദു | Photo: twitter.com/sherryontopp and ANI
ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. രാജിവെച്ച വിവരം ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം അറിയിച്ചത്. പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കുന്നുവെന്ന ഒറ്റ വരി കത്താണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷക്ക് അയച്ചിരിക്കുന്നത്. കത്തിനൊപ്പം, കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് രാജിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അഞ്ചുസംസ്ഥാനങ്ങളിലെ കനത്ത തിരഞ്ഞെടുപ്പു തോല്‍വിക്കുപിന്നാലെയാണ് സംഘടനാതലത്തില്‍ കടുത്തനടപടികള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പഞ്ചാബിലെ നവജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെ അഞ്ചിടങ്ങളിലെയും പി.സി.സി. അധ്യക്ഷന്മാരുടെ രാജി അധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടിരുന്നു. വരുംദിവസങ്ങളില്‍ പി.സി.സി. മൊത്തം പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുണ്ടാവുമെന്നും സൂചനയുണ്ട്.
കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയ ഉത്തരാഖണ്ഡിലെ പി.സി.സി. അധ്യക്ഷന്‍ ഗണേഷ് ഗോദിയാലും ഗോവാ അധ്യക്ഷന്‍ ഗിരീഷ് ചോദാംഗറും തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് നേരത്തേ ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ് പി.സി.സി. അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു, മണിപ്പുര്‍ അധ്യക്ഷന്‍ എന്‍.എല്‍. സിങ് എന്നിവര്‍ ഉടന്‍ രാജിക്കത്ത് നല്കുമെന്നാണറിയുന്നത്.
പഞ്ചാബില്‍ ആദ്യം മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനും പിന്നീട് ചരണ്‍ജിത്ത് സിങ് ചന്നിക്കുമെതിരേ നിരന്തരം പരസ്യപ്രസ്താവനകള്‍ നടത്തിയ സിദ്ദുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് അവശ്യമുയര്‍ന്നിരുന്നു. സിദ്ദുവിന്റെ പരസ്യപ്രതികരണങ്ങളാണ് പഞ്ചാബില്‍ സമൂല തകര്ച്ചയ്ക്കിടയാക്കിയതെന്ന് പ്രവര്‍ത്തകസമിതിയോഗത്തില്‍ അജയ് മാക്കന് ചൂണ്ടിക്കാട്ടിയിരുന്നു. അമരീന്ദറിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാറ്റിയതില്‍ കോണ്‍ഗ്രസിന് പിഴച്ചതായി ഗുലാംനബി ആസാദും പറഞ്ഞു. ഇതിലെ പാളിച്ച സോണിയയും സമ്മതിച്ചിരുന്നു.
Content Highlights: 'As desired by the Congress President': Navjot Singh Sidhu resigns as party's Punjab unit chief
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..