ന്യൂഡല്‍ഹി: റായ്പുറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മലയാളികളായ മെഡിക്കല്‍,നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ വഴി ഒരുങ്ങിയത് ഛത്തീസ്ഗഢ് ചീഫ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്റെ ഇടപെടലിനെ തുടര്‍ന്ന്. അറുപതോളം വിദ്യാഥികള്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഒരുക്കിയ മൂന്ന് ബസുകളില്‍ ഇന്ന് റായ്പൂരില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റായ്പുറില്‍ കുടുങ്ങിപ്പോയ മലയാളികളായ മെഡിക്കല്‍- നഴ്‌സിങ് വിദ്യാര്‍ഥികള്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കേരള മുഖ്യമന്ത്രിയുടെയും നോര്‍ക്കയുടെയും ഇന്ത്യന്‍ റെയില്‍വേയുടെയും സഹായം തേടിയിരുന്നു. എന്നാല്‍ ആരും സഹായത്തിന് എത്താത്തതിനെ തുടര്‍ന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനെ ഒമ്പത് വിദ്യാര്‍ഥിനികള്‍ ചീഫ് ജസ്റ്റിസ് രാമചന്ദ്ര മേനോന് ഇ-മെയിലിലൂടെ പരാതി നല്‍കി.

ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പരാതി അഡ്വക്കേറ്റ് ജനറലിന് കൈമാറി. പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഭരണപരമായ ഉത്തരവും ചീഫ് ജസ്റ്റിസ് സര്‍ക്കാരിന് നല്‍കി. ഇതേ തുടര്‍ന്ന്  വിദ്യാര്‍ഥികളെ സര്‍ക്കാരിന്റെ മൂന്ന് ബസുകളില്‍ കേരളത്തിലേക്ക് കൊണ്ടുപോകാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

റായപുറില്‍ കുടുങ്ങിപ്പോയവര്‍ മെഡിസിനും നഴ്‌സിങ്ങിനും പഠിക്കുന്ന കുട്ടികളാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും മാലാഖമാരാണ്. നാളെത്തെ മാലാഖമാര്‍ക്ക് ഇന്ന് പ്രതിസന്ധി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ സഹായിച്ചു എന്നത് അവരുടെ മനസില്‍ എന്നുമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

റായ്പുറില്‍ കുടുങ്ങിപ്പോയ തങ്ങളെ നാട്ടിലെത്തിക്കുന്നതിന് ഇടപെട്ട ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, ഛത്തീസ്ഗഢ് ചീഫ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരോട് വിദ്യാര്‍ഥികള്‍ നന്ദി രേഖപ്പെടുത്തി. യാത്രാവേളയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട ഭക്ഷണം ഉള്‍പ്പടെ ഉള്ള എല്ലാ സൗകര്യങ്ങളും ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ റായ്പുറില്‍നിന്ന് തിരിച്ച ബസ്സുകള്‍ ഞാറാഴ്ച കേരളത്തില്‍ എത്തും.

content highlights: as chief justice of chhattisgarh intervenes,malayali students stranded in raipur returns for home