ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനോട് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ആന്ധ്രാപ്രദേശിനു പുറമേ ബീഹാറും രംഗത്ത്. പ്രത്യേകപദവി ലഭിക്കാതെ ബീഹാറില്‍ പുരോഗതി സാധ്യമാവില്ലെന്നും ആന്ധ്രയുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്കുന്നു എന്നുമാണ് ബീഹാര്‍ ഭരണകക്ഷിയായ നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് പ്രതികരിച്ചത്.

'ആന്ധ്രപ്രദേശിന്റെ ആവശ്യംന്യായമാണ്. വിഭജനത്തിന് ശേഷം ബീഹാര്‍ നേരിട്ട അതേ പ്രശ്‌നങ്ങളാണ് ആന്ധ്ര ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. വിഭവശേഷികളെല്ലാം തന്നെ തെലുങ്കാനയിലേക്ക് പോയി'. ജനതാദള്‍ നേതാവ് കെ.സി.ത്യാഗി പറഞ്ഞു.

ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ടിരുന്നു. പുരോഗതിയുടെ കാര്യത്തില്‍ ദേശീയ ശരാശരിക്കും താഴെയാണ് ബീഹാറിന്റെ അവസ്ഥയെന്നാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ നിതീഷ് സൂചിപ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച് പട്‌നയില്‍ അഞ്ച് മണിക്കൂര്‍ നീളുന്ന സമരം നടത്തിയ ചരിത്രവും നിതീഷ്‌കുമാറിനുണ്ട്.

കഴിഞ്ഞ ജൂലൈയിലാണ് ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള വിശാല സഖ്യം അവസാനിപ്പിച്ച് ജെഡിയു ബിജെപിയുമായി സഖ്യം ചേര്‍ന്നത്. 

Content highlights: As Chandrababu Naidu's TDP Insists On Special Status, "Us Too" Says Team Nitish Kumar