ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ പകരക്കാരനെ സംബന്ധിച്ച ചര്‍ച്ചകളും സജീവമായി.

മകന്‍ വിജേന്ദ്ര യെദ്യൂരപ്പയുടെ ഭാവി സുരക്ഷിതമാക്കാന്‍ ലിംഗായത്ത് സമുദായത്തിന് പുറത്ത് നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കന്‍ യെദ്യൂരപ്പ നിര്‍ദേശിച്ചതായാണ് വിവരം.

യെദ്യൂരപ്പക്ക് പകരക്കാരനായി  കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയെ കൊണ്ടുവരാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അതേ സമയം താന്‍ കര്‍ണാടക മുഖ്യമന്ത്രി ആയേക്കുമെന്ന വാര്‍ത്തകള്‍ പ്രഹ്ലാദ് ജോഷി തള്ളി. ഇത് സംബന്ധിച്ച് നേതൃത്വം തന്നോട് സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് തനിക്കറിയാവുന്നതെന്നും ജോഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമുള്ളയാളാണ് പ്രഹ്ലാദ് ജോഷി.

അതേ സമയം ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ആള്‍ തന്നെ പുതിയ മുഖ്യമന്ത്രിയായി വരണമെന്നാണ് ആര്‍.എസ്.എസ്. ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ബിജെപിയുടെ ഈ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്നും ആര്‍.എസ്.എസ്. മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനിടെ യെദ്യൂരപ്പയുടെ രാജി അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ലിംഗായത്ത് സമുദായ നേതാക്കള്‍ യെദ്യൂരപ്പയെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചിരുന്നു. ഇതിനിടെ യെദ്യൂരപ്പയുടെ രാജി ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ നേതാക്കള്‍ ഞായറാഴ്ച യോഗം വിളിച്ചിട്ടുണ്ട്.

ലിംഗായത്ത് നേതാക്കളെ താന്‍ വിളിച്ച് വരുത്തിയതല്ലെന്ന് യെദ്യൂരപ്പ പറയുന്നുണ്ടെങ്കിലും ഇതൊരു സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

ഇതിനിടെ യെദ്യൂരപ്പയുടെ രാജി സംബന്ധിച്ച് ബി.ജെ.പി. നേതൃത്വം ഞായറാഴ്ചയോടെ ഒരു സന്ദേശം നല്‍കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തിങ്കാളാഴ്ചയോടെയോ അതിന് ശേഷമോ യെദ്യൂരപ്പ രാജിവെച്ചേക്കും.

Content Highlights: As BS Yediyurappa Hints Exit, Union Minister Pralhad Joshi Rebuffs Speculation On Succession