Aryan Khan | Photo - PTI
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഇന്നു ജയില്‍ മോചിതനാകില്ല. വൈകീട്ട് അഞ്ചരക്കുള്ളില്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആര്യന്റെ അഭിഭാഷകര്‍ക്ക് സാധിക്കാത്തതാണ് മോചനം നീളാന്‍ കാരണം. ശനിയാഴ്ച രാവിലെ ആര്യന് ജയില്‍ മോചിതനാകുമെന്ന് ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ അറിയിച്ചു.
ജയില്‍ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചരക്കുള്ളില്‍ ജയിലിന് പുറത്തെ ബെയില്‍ ബോക്സില്‍ ലഭിച്ചാല്‍ മാത്രമേ ജാമ്യം ലഭിച്ചവര്‍ക്ക് അന്നുതന്നെ പുറത്തിറങ്ങാന്‍ സാധിക്കു. ഇതിനായി ആര്യന്റെ അഭിഭാഷകര്‍ തീവ്രശ്രമം നടത്തിയെങ്കിലും സമയപരിധി കഴിഞ്ഞതിനാലാണ് ജയില്‍ മോചനം നീണ്ടത്. ഇതോടെ ഒരുരാത്രികൂടി ആര്യന് ജയിലിനുള്ളില്‍ തന്നെ കഴിയും. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവരും ശനിയാഴ്ച ജയില്‍ മോചിതരാകും.
വ്യാഴാഴ്ചയാണ് ആര്യന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ആര്യന്റെ അഭിഭാഷകര്‍ക്ക് ലഭിച്ചത്. ഇത് പ്രത്യേക ആന്റി-നാര്‍ക്കോട്ടിക് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന റിലീസ് ഓര്‍ഡറാണ് ആര്‍തര്‍ റോഡ് ജയിലില്‍ നല്‍കേണ്ടിയിരുന്നത്. ഇത് എത്തിക്കാന്‍ വൈകിയതു മൂലമാണ് ആര്യന്റെ മോചനം ഇന്നും ഉണ്ടാവാതിരുന്നത്.
content highlights: Aryan Khan will be released on Saturday, not today: Arthur Road Jail official
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..