ന്യൂഡൽഹി: വാതിൽപ്പടി റേഷൻ വിതരണ പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മേദിക്ക് കത്തയച്ചു. പദ്ധതിയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും കെജ്‍രിവാൾ കത്തിൽ പ്രധാനമന്ത്രിയെ അറിയിച്ചു.

ദേശീയ താത്‌പര്യം കണക്കിലെടുത്ത് പദ്ധതി നടപ്പക്കാൻ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് കെജ്‍രിവാൾ ആവശ്യപ്പെട്ടു. പദ്ധതി തടഞ്ഞ കേന്ദ്ര നടപടിയെ നേരത്തെ കെജ്‍രിവാൾ രൂക്ഷമായി വിമർശിച്ചിരുന്നു. ഡൽഹിയിലെ 70ലക്ഷത്തോളം ജനങ്ങൾക്ക് സൗകര്യപ്രദമായ വാതിൽപ്പടി റേഷൻ വിതരണം തടഞ്ഞത് എന്തുകൊണ്ടാണെന്ന് ഞായറാഴ്ച കെജ്‍രിവാൾ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വാതിൽപ്പടി റേഷൻ വിതരണ പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കിൽ റേഷൻ കടകൾ സൂപ്പർ സ്പ്രെഡറുകളായി മാറുമെന്നും കെജ്‍രിവാൾ അഭിപ്രായപ്പെട്ടിരുന്നു. പിസ, ബർഗർ, സ്മാർട്ട് ഫോൺ, വസ്ത്രങ്ങൾ തുടങ്ങിയവ വീടുകളിൽ എത്തിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് റേഷൻ വീടുകളിൽ എത്തിക്കാൻ കഴിയില്ലെന്നും കെജ്‍രിവാൾ കുറ്റപ്പെടുത്തിയിരുന്നു.

content highlights:Arvind Kejriwal urges PM Modi to allow doorstep ration delivery in Delhi