ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. സിംഘു അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്‌രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍, വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പോലീസ് രംഗത്തെത്തി.

"സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരെ സന്ദര്‍ശിച്ചതു മുതല്‍ ബി.ജെ.പിയുടെ ദില്ലി പോലീസ് മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ വസതിയിലേക്ക്‌ പ്രവേശിക്കാനോ പുറത്തേക്ക്‌ പോകാനോ ആരെയും അനുവദിക്കുന്നില്ല." - എ.എ.പി. ട്വീറ്റ് ചെയ്തു. 

മുഖ്യമന്ത്രി കെജ്‌രിവാള്‍ ഇന്നലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്ന് എ.എ.പി. എം.എല്‍.എ. സൗരഭ് ഭരദ്വാജ് പറഞ്ഞു. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള പ്രവേശനം എല്ലാ ഭാഗത്തുനിന്നും ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. അദ്ദേഹം വീട്ടുതടങ്കലിന് തുല്യമായ അവസ്ഥയിലാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. 

സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഓഫീസ് ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ആം ആദ്മി പാര്‍ട്ടി നേതൃത്വം പറഞ്ഞു. നേരത്തെ തിങ്കളാഴ്ച പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാനുമായി കെജ്‌രിവാള്‍ ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ സിംഘു സന്ദര്‍ശിച്ചിരുന്നു. 

Content Highlights: Arvind Kejriwal "Under House Arrest" After Visiting Farmers, Alleges AAP