Image Credit:AFP
ന്യൂഡല്‍ഹി: എല്ലാം സൗജന്യമായി നല്‍കി വോട്ട് നേടുന്നതായുള്ള വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജനങ്ങളോടുള്ള തന്‍റെ സ്നേഹം സൗജന്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'ചിലര്‍ പറയുന്നത് കെജ്രിവാള്‍ എല്ലാം സൗജന്യമായി നല്‍കുന്നുവെന്നാണ്. ലോകത്തിലെ വിലപ്പെട്ട എല്ലാ വസ്തുക്കളും പ്രകൃതി സൗജന്യമായാണ് നല്‍കുന്നത്. അമ്മയുടെ സ്‌നേഹം, പിതാവിന്റെ അനുഗ്രഹം തുടങ്ങി മൂല്യമുള്ളതെല്ലാ സൗജന്യമായാണ് നമുക്ക് ലഭിക്കുന്നത്. അതുപോലെ കെജ്രിവാള്‍ തന്റെ ജനത്തെയും സ്‌നേഹിക്കുന്നു, അതിനാല്‍ ഈ സ്‌നേഹവും സൗജന്യമായിരിക്കും', അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് സൗജന്യ വൈദ്യുതി, വെള്ളം, ബസ് യാത്ര തുടങ്ങി മൂല്യമുള്ളതെല്ലാം സൗജ്യമായി നല്‍കുന്നുവെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണവേളയിലടക്കം കെജ്രിവാളിന് നേരെയുണ്ടായിരുന്ന വിമര്‍ശനം. ഇതിന് സത്യ പ്രതിജ്ഞാ വേളയില്‍ മറുപടി പറയുകയായിരുന്നു കെജ്‌രിവാള്‍. മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്യാനായി അരവിന്ദ് കെജ്‌രിവാള്‍ രാം ലീല മൈതാനത്തിലെ വേദിയിലെക്കെത്തിയപ്പോള്‍ ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്.
'നിങ്ങളുടെ മകന്‍ മൂന്നാം തവണവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇതെന്റെ വിജയമല്ല, ഈ വിജയം നിങ്ങളുടേതാണ്. ഇത് ഓരോ ഡല്‍ഹിക്കാരന്റെയും വിജയം ആണ്, എല്ലാ അമ്മമാരുടെയും എല്ലാ സഹോദരിമാരുടെയും എല്ലാ യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ഡല്‍ഹിയിലെ എല്ലാ കുടുംബങ്ങളുടെയും വിജയമാണ്' രാംലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ ജനങ്ങളെ നോക്കി കെജ്രിവാള്‍ പറഞ്ഞു.

'എല്ലാവരും, നിങ്ങളുടെ ഗ്രാമങ്ങളിലുള്ളവരെ വിളിച്ച് അവരോട് പറയുക, ഞങ്ങളുടെ മകന്‍ മുഖ്യമന്ത്രിയായി, ഇനി വിഷമിക്കേണ്ടതില്ലെന്ന്. ഓരോ കുടുംബത്തെയും സന്തുഷ്ടരാക്കാനും അവരുടെ ജീവിതത്തില്‍ ആശ്വാസം നല്‍കാനും ഡല്‍ഹിയില്‍ വികസനമെത്തിക്കാനും വേണ്ടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചത്. വരുന്ന അഞ്ച് വര്‍ഷവും ഈ ശ്രമങ്ങള്‍ തുടരും', കേജ്രിവാള്‍ വ്യക്തമാക്കി. കെജ്രിവാളിന്റെ വാക്കുകളെ കരഘോഷത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കെജ്രിവാളിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Content Highlight: Arvind Kejriwal swearing speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..