ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഡല്‍ഹിയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കേണ്ടത്. ഡല്‍ഹിയിലെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നുണ്ട്. മറ്റ് നഗരങ്ങളില്‍ മെട്രോ ഓടിക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ അങ്ങനെ ആകട്ടെ. എന്നാല്‍ ഡല്‍ഹിയിലെ മെട്രോ ട്രെയിന്‍ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി ആരംഭിച്ചേ മതിയാകൂ. ഇക്കാര്യം മുമ്പ് പലവട്ടം കേന്ദ്രത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്- കെജ്‌രിവാളിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

content highlights: arvind kejriwal requests centre to re open metro service