ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സൗജന്യ തീര്‍ത്ഥാടന പദ്ധതി കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുമത വിശ്വാസികള്‍ക്ക് സൗജന്യ അയോധ്യ യാത്രയും മുസ്ലിം മതസ്ഥര്‍ക്ക് സൗജന്യ അജ്മീര്‍ യാത്രയും സിഖ് വിശ്വാസികള്‍ക്ക് സൗജന്യ കര്‍താര്‍പുര്‍ സാഹിബ് യാത്രയുമാണ് കെജ്‌രിവാളിന്റെ വാഗ്ദാനം. 

ഹരിദ്വാറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാള്‍ ജനങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കിയത്. ഡല്‍ഹിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹരിദ്വാര്‍, ഋഷികേശ് ഉള്‍പ്പടെ 12 പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ഥാടന പദ്ധതി കൊണ്ടുവന്ന കാര്യവും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അയോധ്യയിലെ രാംലല്ല സന്ദര്‍ശിച്ചപ്പോഴാണ് അയോധ്യയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ആശയം തോന്നിയത്. ഡിസംബര്‍ മൂന്നിന് സൗജന്യ അയോധ്യ യാത്രക്കായുള്ള ട്രെയിന്‍ പുറപ്പെടുമെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

ഉത്തരാഖണ്ഡില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സമാനമായ പദ്ധതി നടപ്പിലാക്കും. എല്ലാ മതസ്ഥരും ഈ പദ്ധതിയുടെ ഭാഗമാവും. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്ന രാജ്യത്തെ ആദ്യത്തെ പാര്‍ട്ടി എ.എ.പിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങള്‍ക്കൊപ്പം സൗജന്യ തീര്‍ഥാടനവുമൊരുക്കുകയാണ് തങ്ങള്‍. ഇതാണ് പാര്‍ട്ടിയുടെ സാധാരണക്കാര്‍ക്ക് നേരെയുള്ള കരുതലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

"ഡല്‍ഹി ജനത ഒരവസരം തന്നപ്പോള്‍ ഞങ്ങള്‍ ഡല്‍ഹിയെ അപ്പാടെ മാറ്റി. ഉത്തരാഖണ്ഡില്‍ ഒരവസരമാണ് ഞങ്ങള്‍ ചോദിക്കുന്നത്. മറ്റ് പാര്‍ട്ടികളെ കുറിച്ചെല്ലാം നിങ്ങള്‍ മറന്നുപോകും", കെജ്‌രിവാള്‍ പറഞ്ഞു.

Arvind Kejriwal promises free pilgrimage scheme in Uttarakhand