ന്യൂഡല്‍ഹി: പഞ്ചാബില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രായമായ സ്ത്രീകള്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന് പുറമെ ഈ തുകയും നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തെ പഞ്ചാബ് സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. എ.എ.പിയുടെ മിഷന്‍ പഞ്ചാബ് പദ്ധതിയുടെ ഭാഗമായി പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ കെജ്‌രിവാള്‍ പ്രചാരണം നടത്തും.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയെ രൂക്ഷമായ ഭാഷയില്‍ കെജ്‌രിവാള്‍ വിമര്‍ശിച്ചു. ചന്നി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോപ്പിയടിക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. 'ഇവിടെയൊരു വ്യാജ കെജ്‌രിവാള്‍ ഇറങ്ങിയിട്ടുണ്ട്. ഞാനെന്ത് വാഗ്ദാനങ്ങള്‍ നടത്തിയാലും രണ്ട് ദിവസം കഴിഞ്ഞാല്‍ അദ്ദേഹവും അത് പ്രഖ്യാപിക്കും. പേടിയുള്ളത് നല്ലതാണ്', കെജ്‌രിവാള്‍ പരിഹസിച്ചു. 

ഡല്‍ഹിക്കാര്‍ വന്ന് പഞ്ചാബ് ഭരിക്കുന്നതിനെയാണോ മിഷന്‍ പഞ്ചാബ് എന്ന് വിളിക്കുന്നതെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി തിരിച്ചടിച്ചു. പഞ്ചാബിന്റെ കാര്യം നോക്കാന്‍ പഞ്ചാബികളൊന്നും ഇല്ലാത്ത അവസ്ഥ വന്നിട്ടില്ലെന്നും കെജ്‌രിവാളിനുള്ള മറുപടിയായി ചന്നി പറഞ്ഞു.

Content highlights: Arvind Kejriwal Promises ₹ 1,000 Per Month For Women If AAP Wins In Punjab