ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നത്‌ രാമരാജ്യം എന്ന സങ്കല്‍പ്പത്തിലെ പത്ത് ആശങ്ങള്‍ പിന്തുടര്‍ന്നാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹി സര്‍ക്കാര്‍ മുതിര്‍ന്നവരെ ദര്‍ശനത്തിനായി അയക്കുമെന്നും കെജ്രിവാള്‍ നിയമസഭയില്‍ സംസാരിക്കവെ വ്യക്തമാക്കി. 

ഞാന്‍ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ്. രാമരാജ്യ സങ്കല്‍പ്പം തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. മികച്ച ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴില്‍, പാര്‍പ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ രാമരാജ്യ സങ്കല്‍പ്പത്തില്‍ നിന്ന് ഉള്‍കൊണ്ടിരിക്കുന്നത്.

ഡല്‍ഹിയില്‍ ഒരാള്‍ പോലും ദാരിദ്ര്യം മൂലം പ്രയാസപ്പെടാന്‍ പാടില്ല. ഓരോ കുട്ടിക്കും അവരുടെ സാമൂഹികനില പരിഗണിക്കാതെ മികച്ച വിദ്യാഭ്യാസം നല്‍കണം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും ലഭിക്കണം, കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ എല്ലാ ജനങ്ങളും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് കെജ്രിവാള്‍ അഭ്യര്‍ഥിച്ചു. എം.എല്‍.എമാരും ആശുപത്രിയില്‍ പോയി സാധാരണ ജനങ്ങളെ പോലെ വരിനിന്ന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Content Highlights:  Arvind Kejriwal On 10 Principles Inspired By "Ram Rajya" To Serve Delhi