ഭഗവന്ത് മാൻ അരവിന്ദ് കെജ്രിവാളിനൊപ്പം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: പഞ്ചാബില്‍ കമ്മീഷന് ആവശ്യപ്പെട്ട ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയ നടപടിയില്‍ ഭഗവന്ത് മാനിനെ അഭിനന്ദിച്ച് എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു ഭഗവന്ത്, നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണ് നിറച്ചു. ഇന്ന് രാജ്യംമുഴുവന്‍ ആംആദ്മി പാര്‍ട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ട്, ഭഗവന്ത് മാന്റെ വീഡിയോ പങ്കുവെച്ച് കെജ്രിവാള് ട്വീറ്റ് ചെയ്തു.
ഒരു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വിജയ് സിംഗ്ല ഒരു ശതമാനം കമ്മീഷന് ആവശ്യപ്പെട്ടുവെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് മാന്‍ പുറത്താക്കിയത്. തൊട്ടുപിന്നാലെ പഞ്ചാബ് പോലീസിലെ അഴിമതിവിരുദ്ധ സെല്‍ സിംഗ്ലയെ അറസ്റ്റ് ചെയ്യുകയുംചെയ്തു. തന്റെ മന്ത്രിസഭയെ ജനങ്ങള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് അധികാരത്തിലേറ്റിയതെന്നും ഒരു ശതമാനം അഴിമതിപോലും വെച്ചുപൊറുപ്പിക്കില്ലെന്നും ഭഗവന്ത് മാന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നു.
എഎപി കണ്‍വീനറും എംപിയുമായ രാഘവ് ചദ്ദയും നടപടിയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ഇന്ത്യയില്‍ ആംആദ്മി പാര്‍ട്ടിക്ക് അല്ലാതെ ആര്‍ക്കാണ് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്കെതിരെ പോലും ഇത്തരം ധീരമായ നടപടികളെടുക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍പ് ഡല്‍ഹിയില്‍ കണ്ട കാര്യങ്ങള്‍ ഇപ്പോള്‍ പഞ്ചാബിലും കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിലെ തൊഴില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രിസഭയില്‍നിന്ന് കെജ്രിവാള് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഇന്ത്യയില്‍ രണ്ടുതവണ മാത്രമാണ് ഇത്തരത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് മന്ത്രിസഭയിലെ അംഗത്തെ പുറത്താക്കിയത്. 2015-ല്‍ കെജ്രിവാളും ഇപ്പോള്‍ ഭഗവന്ത് മാനുമാണ് ഇത്തരം നടപടി സ്വീകരിച്ച രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..