ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ ആറു ദിവസമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം പുതിയ രാഷ്ട്രീയ കൂട്ടായ്മക്ക് വേദിയാകുന്നു. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ ഇന്നലെ പിന്തുണയുമായെത്തിയതിനു പിന്നാലെ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കെജ്‌രിവാളിന് പിന്തുണയറിയിച്ചു.

ബിജെപിക്കെതിരായ വിശാല സഖ്യത്തിന് കെജ്‌രിവാളിന്റെ പ്രതിഷേധ സമരം കാരണമാകുന്നതായുള്ള സൂചനകളാണ് ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാചര്യമെന്നാണ് വിലയിരുത്തല്‍. മമത ബാനര്‍ജിയും പിണറായി വിജയനും ഒരു വേദിയില്‍ ഒന്നിച്ചെത്തുകയും കെജ്‌രിവാളിന് പിന്തുണ അറിയിക്കുകയും ചെയ്തത്, വിഘടിച്ചുനില്‍ക്കുന്ന കക്ഷികള്‍പോലും പൊതുവായ വിഷയത്തില്‍ ഒന്നിക്കുന്നതിന്റെ സൂചനയായാണ് കരുതുന്നത്. മാത്രമല്ല, കേന്ദ്രസര്‍ക്കാരിനെതിരെ ഒരേ സ്വരത്തിലാണ് ഈ മുഖ്യമന്ത്രിമാര്‍ രൂക്ഷമായി പ്രതികരിച്ചത്.

ദിവസങ്ങള്‍ മുന്‍പുവരെ കെജ്‌രിവാള്‍ രാഷ്ട്രീയമായി സ്വീകാര്യതയുള്ള നേതാവായിരുന്നില്ല. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ വിശാലമായ ഒരു പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എഎപി അതിന്റെ ഭാഗമായി കടന്നുവന്നിരുന്നില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കാളുടെ യോഗം വിളിച്ചപ്പോഴും കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ ബിജെപി ഇതരരുടെ സംഗമത്തിലേക്കും കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടില്ല.

എന്നാല്‍ ക്രമേണ കാര്യങ്ങള്‍ മാറിവരികയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടു. കമല്‍ ഹാസന്‍ തന്റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് തുടക്കം കുറിച്ചപ്പോഴും കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നു. 

ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ കെജ്‌രിവാള്‍ സമരം ആംരഭിച്ച ആദ്യഘട്ടത്തില്‍ എഎപി ഒറ്റയ്ക്കായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നീതി ആയോഗില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ പുതിയ തലത്തിലേക്ക് വളരുകയായിരുന്നു. കഴിഞ്ഞ ദിവസം ആര്‍ജെഡി എംപി മനോജ് ഝാ കെജ്‌രിവാളിന്റെ വീട് സന്ദര്‍ശിക്കുകയും എഎപി നേതാക്കളെ കണ്ട് പിന്തുണയറിയിക്കുകയും ചെയ്തു. സ്വതന്ത്ര സംസ്ഥാനം എന്ന എഎപിയുടെ ആവശ്യത്തിന് സമ്പൂര്‍ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി കെജ്‌രിവാളിന് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തു. ലഫ്. ഗവര്‍ണറെ കാണാന്‍ സമയമനുവദിക്കാത്ത നടപടി ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കെജ്‌രിവാളിന് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തത്.

കെജ്‌രിവാളിന് ലഭിക്കുന്ന പിന്തുണ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരായ സഖ്യത്തിന് വേദിയാകുമ്പോഴും കോണ്‍ഗ്രസ് ഇതിന്റെ ഭാഗമാകാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, കെജ്‌രിവാള്‍ നടത്തുന്ന സമരത്തെ പരിഹസിക്കാനും കോണ്‍ഗ്രസ് തയ്യാറായി. പരാജയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് കെജ്‌രിവാള്‍ നടത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ സാഹചര്യം കോണ്‍ഗ്രസിനെ മാറ്റി ചിന്തിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 

പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ കെജ്‌രിവാളിനെ പിന്തുണച്ച് രംഗത്തെത്തിയത് തങ്ങള്‍ക്കെതിരായ നീക്കമായി ബിജെപി മസ്സിലാക്കിയിട്ടുണ്ടെന്നു തന്നെയാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. നാലു മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണറുടെ ഓഫീസിലേക്ക് പ്രവേശനാനുമതി നിഷേധിച്ചത് ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹി ചീഫ് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ നാലു മുഖ്യമന്ത്രിമാര്‍ എവിടെയായിരുന്നു എന്ന ചോദ്യമുന്നയിച്ച് പ്രതിരോധവുമായി മുതിര്‍ന്ന ബിജെപി നേതാവ് വിജയ് ഗോയല്‍ രംഗത്തെത്തിയിട്ടുമുണ്ട്.

സിപിഎം, സിപിഐ, ജെഡിഎസ്, ടിഡിപി, ആര്‍ജെഡി, ആര്‍എല്‍ഡി തുടങ്ങിയ കക്ഷികളില്‍നിന്ന് കെജ്‌രിവാളിനു കിട്ടുന്ന പിന്തുണ ഫലത്തില്‍ ബിജെപിക്ക് എതിരായ രാഷ്ട്രീയ നിലപാടാവുകയാണ്. അതുകൊണ്ടുതന്നെ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കക്ഷികളുടെ സഖ്യത്തെ കോര്‍ത്തിണക്കാനുള്ള കണ്ണിയായി കെജ്‌രിവാള്‍ മാറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Content Highlights: Arvind Kejriwal, opposition Unity, Mamata Banerjee, Chandrababu Naidu, pinarayi vijayan