-
ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സംസ്ഥാനത്തെ പ്രൈമറി വിഭാഗം അധ്യാപകരെ പ്രത്യേക പരിശീലനത്തിനായി ഫിന്‍ലന്‍ഡിലേക്ക് അയക്കുന്ന പദ്ധതി ഗവര്‍ണര്‍ അകാരണമായി തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു വിമര്‍ശനം. ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നും കെജ്രിവാള് ചോദ്യമുന്നയിച്ചു. പ്രത്യേക നിയമസഭാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കെജ്രിവാള്.
"ആരാണീ ലഫ്റ്റനന്റ് ഗവര്‍ണര്‍? അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണദ്ദേഹം. നമ്മുടെ കുട്ടികള്‍ക്ക് എങ്ങനെയുള്ള വിദ്യാഭ്യാസം നല്‍കണമെന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് എന്തധികാരമാണുള്ളത്? ഇക്കൂട്ടരാണ് നമ്മുടെ കുട്ടികള്‍ക്ക് പഠനത്തിനുള്ള സാഹചര്യം ഇല്ലാതാക്കുന്നത്. നമ്മെ തടയാന്‍ ഗവര്‍ണര്‍ക്ക് യാതൊരധികാരവുമില്ല. ജീവിതത്തില്‍ ഒന്നും സ്ഥിരമല്ല. നാളെ ചിലപ്പോള്‍ ആംആദ്മി പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയേക്കാം. എഎപി സര്‍ക്കാര്‍ ജനങ്ങളെ ഒരുതരത്തിലും ഉപദ്രവമുണ്ടാക്കില്ല, കെജ്രിവാള് പറഞ്ഞു.
ഈ ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്റെ ഗൃഹപാഠം പരിശോധിക്കുന്നതുപോലെ എന്റെ അധ്യാപകര്‍ ഒരിക്കലും എന്റെ ഗൃഹപാഠ പരിശോധന നടത്തിയിട്ടില്ല. അക്ഷരത്തെറ്റിനെ കുറിച്ച്, എന്റെ കയ്യക്ഷരത്തെക്കുറിച്ച്...എല്ലാത്തിനേക്കുറിച്ചും പരാതിയാണ്. അദ്ദേഹമെന്റെ ഹെഡ് മാസ്റ്ററൊന്നുമല്ലല്ലോ, ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയല്ലേ?", കെജ്രിവാളിന്റെ വാക്കുകള്‍ സഭയില്‍ ചിരിപടര്‍ത്തി. രാഷ്ട്രപതിയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്നാണ് ഗവര്‍ണറുടെ അവകാശവാദമെന്നും എന്നാല്‍ ജനങ്ങളാണ് തന്നെ മുഖ്യമന്ത്രിപദത്തിലെത്തിച്ചതെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. ഡല്ഹിവാലകള്ക്ക് ഭരണം നടത്താനറിയില്ലെന്നാണ് ഗവര്‍ണറുടെ അഭിപ്രായമെന്നും കെജ്രിവാള് പറഞ്ഞു.
ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 104 സീറ്റ് ലഭിക്കാന്‍ കാരണം താനാണെന്നും താനില്ലായിരുന്നെങ്കില്‍ ബിജെപി 20 സീറ്റ് പോലും നേടില്ലായിരുന്നെന്നും ഗവര്‍ണര്‍ തന്നോട് ഒരു യോഗത്തില്‍ പങ്കെടുക്കവെ പറഞ്ഞതായും കെജ്രിവാള് അവകാശപ്പെട്ടു. താനുള്ളതിനാല് അടുത്ത ലോക്സഭാതിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റിലും ബിജെപി വിജയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞതായി കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. ഒരുകാര്യത്തിലും ഗവര്‍ണര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരമില്ല. അക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും കെജ്രിവാള് പറഞ്ഞു. വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ ബിജെപി എംപിമാരുടേയും എംഎല്‍എമാരുടേയും മന്ത്രിമാരുടേയും മക്കളുടെ വിവരവും കെജ്രിവാള് സഭയില്‍ ചൂണ്ടിക്കാട്ടി.
Content Highlights: Arvind Kejriwal, against, Delhi Lieutenant Governor, VK Saxena
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..