ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നബാം തുകി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. മുന്‍ മുഖ്യമന്ത്രി ഡൊര്‍ഗീ ഖണ്ഡുവിന്റെ മകനാനായ പേമാ ഖണ്ഡുവിനെ കോണ്‍ഗ്രസ്‌ നിയമസഭാ നേതാവായി തിരഞ്ഞെടുത്തു. രാവിലെ പതിനഞ്ച് അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് തിരഞ്ഞെടുത്തത്.

വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള അവസാന ഘട്ട ശ്രമമെന്ന നിലയിലാണ് തുകിയുടെ രാജി.  നേരത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നബാം തുകിയെ നീക്കണമെന്നാവിശ്യപ്പെട്ട് കാലിഖോ പുളിന്റെ നേതൃത്വത്തിലുള്ള വിമതര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നെങ്കിലും തുക്കിയെ നീക്കിയിരുന്നില്ല. തുടര്‍ന്നാണ് വിമതര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്‌. പിന്നീട് സുപ്രീംകോടതി ഇടപ്പെട്ട് ബുധനാഴ്ച തുക്കിയെ വീണ്ടും മുഖ്യമന്ത്രിയായി അവരോധിച്ചിരുന്നെങ്കിലും 15 എം.എല്‍.എമാരുടെ പിന്തുണ മാത്രമെ കോണ്‍ഗ്രസിന് ഉറപ്പാക്കാനായിരുന്നുള്ളൂ.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത് മാറ്റിവെക്കണമെന്ന് തുക്കി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടും എന്നുറപ്പായതോടയാണ് തുക്കി രാജിവെച്ച് പുതിയ തന്ത്രവുമായി എത്തുന്നത്. എന്നാല്‍ ഈ നീക്കത്തെ വിമതര്‍ ഇപ്പോള്‍ അംഗീകരിക്കമോ എന്ന്‌ സംശയമാണ്. 

പുതിയ കക്ഷി നേതാവായി തിരഞ്ഞെടുത്ത പേമാ ഖണ്ഡു സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗവര്‍ണറെ കാണും. അതേ സമയം 45 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന അവകാശപ്പെടുന്ന കാലിഖോ പുളും ഗവര്‍ണറെ കാണാനുള്ള സാധ്യതയുണ്ട്. ആക്ടിംഗ് ഗവര്‍ണര്‍ തഥാഗത റോയിയുടെ കയ്യിലാകും ഇനി അരുണാചലിന്റെ ഭാവി.