ഇറ്റാനഗര്‍: സ്വന്തം നിയോജകമണ്ഡലത്തിലെ വിദൂര ഗ്രാമനിവാസികളെ സന്ദര്‍ശിക്കാന്‍ ഒരു മുഖ്യമന്ത്രി കാല്‍നടയായി സഞ്ചരിച്ചത് പതിനൊന്ന് മണിക്കൂര്‍. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് സമുദ്രനിരപ്പില്‍ നിന്ന് 14,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലുഗുതാങ് ഗ്രാമത്തിലേക്ക് കാല്‍നടയായി സഞ്ചരിച്ചെത്തിയത്. 24 കിലോമീറ്റര്‍ ദൂരമാണ് പേമ ഖണ്ഡു പതിനൊന്ന് മണിക്കൂര്‍ സമയമെടുത്ത് താണ്ടിയത്.
16,000 അടി ഉയരമുള്ള കര്‍പു-ലായിലൂടെ കടന്നുപോകാനിടയായത് കിടിലന്‍ അനുഭവമായിരുന്നുവെന്ന് വ്യാഴാഴ്ച തവാങ്ങില്‍ മടങ്ങിയെത്തിയ ശേഷം നാല്‍പത്തിയൊന്നുകാരനായ പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. പര്‍വതനിരകളും വനപ്രദേശങ്ങളും കടന്നാണ് തവാങ് ജില്ലയിലെ തിങ്ബുവിലെ ഗ്രാമത്തില്‍ അദ്ദേഹം എത്തിയത്. പത്ത് വീടുകള്‍ മാത്രമുള്ള ഗ്രാമത്തില്‍ ആകെ ജനസംഖ്യ 50 ആണ്.
A 24 Kms trek, 11 hours of fresh air & Mother Nature at her best; crossing Karpu-La (16000 ft) to Luguthang (14500 ft) in Tawang district. A paradise untouched. @PMOIndia @HMOIndia @DefenceMinIndia @MDoNER_India @KirenRijiju @TapirGao @RebiaNabam @ChownaMeinBJP @TseringTashis pic.twitter.com/Jxh4Ymtv8K
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) September 10, 2020
സര്‍ക്കാരിന്റെ സുപ്രധാനപദ്ധതികളുടെ ഗുണഫലങ്ങള്‍ വിദൂരഗ്രാമങ്ങളിലുള്ളവരിലേക്ക് എത്തിച്ചേരുന്നെന്ന് ഉറപ്പുവരുത്താനാണ് ഗ്രാമനിവാസികളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രേമ ഖണ്ഡു പറഞ്ഞു. ഗ്രാമത്തിലേക്ക് റോഡ് മാര്‍ഗമുള്ള യാത്ര പ്രയോഗികമല്ലെങ്കിലും പ്രകൃതിരമണീയമായ കാര്‍പു-ലാ പര്‍വതനിരയിലൂടെയുള്ള യാത്ര രസകരമാണ്.
ലുഗുതാങ്ങില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി, തവാങ് എംഎല്‍എ സെറിങ് താഷി, ഗ്രാമനിവാസികള്‍, തവാങ് വിഹാരത്തിലെ സംന്യാസികള്‍ എന്നിവര്‍ക്കൊപ്പം ജങ്ചുപ് സ്തൂപത്തിന്റെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുത്തു. ഖണ്ഡുവിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ ഡോര്‍ജി ഖണ്ഡുവിന്റെ സ്മരണാര്‍ഥം നിര്‍മിച്ചതാണ് സ്തൂപം. 2011 ഏപ്രില്‍ 30നുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് ഡോര്‍ജി ഖണ്ഡു അന്തരിച്ചത്. തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
മുഖ്യമന്ത്രി രണ്ട് രാത്രികള്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ തങ്ങിയതായാണ് വിവരം. യാക്കിടയന്‍മാരായ ബ്രോക്പാസ് എന്ന നാടോടി വിഭാഗക്കാരാണ് ലുഗുതാങ്ങിലെ നിവാസികള്‍. ഗ്രീഷ്മകാലത്ത് യാക്കുകളെ മേയ്ക്കാനായി ഹിമാലയത്തിന്റെ ഉയര്‍ന്നപ്രദേശങ്ങളില്‍ താമസിക്കുന്ന ഇവര്‍ തണുപ്പ് വര്‍ധിക്കുന്നതോടെ താണമേഖലകളിലേക്ക് കുടിയേറും.
Content Highlights: Arunachal Pradesh Chief Minister Treks For 11 Hours To Meet Residents Of Remote Village