ഗുവാഹത്തി: ടിബറ്റന്‍ മേഖലയിലെ സാങ്‌പോ നദിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സാങ്‌പോ നദിയില്‍ രൂപമെടുത്ത 'തടയണ' തകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അരുണാചല്‍ പ്രദേശിലും അസമിലും സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ടിബറ്റില്‍നിന്ന് ചൈനയിലേക്ക് ഒഴുകുന്ന സാങ്‌പോ നദിയാണ് പിന്നീട് അരുണാചലിലും അസമിലുമെത്തുന്നതോടെ ബ്രഹ്മപുത്രയാകുന്നത്.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അരുണാചലിലെ സിയാങ് നദിയില്‍ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. എന്നാല്‍ സാങ്‌പോ നദിയിലുണ്ടായ തടയണ തകര്‍ന്നാല്‍ വെള്ളം കുത്തിയൊലിച്ച്‌ വന്‍തോതില്‍ ജലനിരപ്പ്  ഉയരാനും വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ നദീതീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അസ്സമിലെ ദിബ്രുഗഡ്, ധെമാജി, ലഖിംപൂര്‍, ടിന്‍സൂക്യ ജില്ലകളില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്തയിലേയും ഭുവനേശ്വറിലേയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ മേഖലയില്‍ വിന്യസിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാങ്‌പോ തീരത്തുനിന്ന് 6000ത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ വലിയ അളവില്‍ സാങ്‌പോ നദിയില്‍ നിന്നുള്ള വെള്ളം സിയാങ് നദിയിലേക്കെത്തുമെന്നും വൈകിട്ടോടെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ചൈന ഇന്ത്യയെ അറിയിച്ചതായി അുരുണാചല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

നിലവിലെ സാഹചര്യം വിലയിരുത്താനായി ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.  ഓഗസ്റ്റില്‍ ചൈനയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് സിയാങ് നദിയില്‍ ജലനിരപ്പുയരുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തിരുന്നു.