ന്യൂഡല്‍ഹി:  രാഷ്ട്രീയ ഭേദമില്ലാതെ സുഹൃത്തുക്കളുള്ള മികച്ചൊരു നേതാവിനെയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത്. 

പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതീതമായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം. ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നേതാവായിരുന്നകാലം, അടിയന്തിരാവസ്ഥയുടെ ഇരു ണ്ട മാസങ്ങള്‍, ഡല്‍ഹിയിലെ അഭിഭാഷക ജീവിതം ഇക്കാലങ്ങളിലെല്ലാം തന്നിലേയ്ക്കുവന്ന സൗഹൃദങ്ങളെ എക്കാലത്തും അദ്ദേഹം ചേര്‍ത്തുപിടിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി വ്യത്യാസം അദ്ദേഹം കണക്കിലെടുത്തില്ല.

ആര്‍എസ്എസിന്റെ ഒരു പ്രധാന അംഗമായിരുന്നില്ല ഒരിക്കലുമദ്ദേഹം. അതേസമയം, സംഘ്പരിവാറിന്റെ സഹയാത്രികനുമായിരുന്നു. ആര്‍എസ്എസിനെ വിമര്‍ശിക്കാനോ അപ്രീതി പിടിച്ചുപറ്റാനോ അദ്ദേഹം മുതിര്‍ന്നിട്ടുമില്ല.

ജെയ്റ്റ്ലിയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ് തീഹാര്‍ ജയിലിലാണ് തുടങ്ങുന്നത്. അടിയന്തരാവസ്ഥയ്ക്കു മുമ്പ് കരുതല്‍ തടങ്കലിലാക്കിയതിനെതുടര്‍ന്നാണ് അദ്ദേഹം 1975ല്‍ തീഹാര്‍ ജെയിലിലെത്തുന്നത്. 19 മാസംനീണ്ട ജയില്‍ ജീവിതംതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളാണ്. 

മോദിയുമായുള്ള അടുത്ത സൗഹൃദമായിരുന്നു പ്രധാന വഴിത്തിരിവ്. സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തിലും നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലും അധികാരം സ്ഥാപിക്കാന്‍ അത് ജെയ്റ്റ്ലിയെ സഹായിച്ചു. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പല നിര്‍ണായക പരീക്ഷണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ജെയ്റ്റ്ലിയായിരുന്നു. 2008ല്‍ കര്‍ണാടകത്തില്‍ ബിജെപിയെ വിജയിപ്പിക്കുകവഴി ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സ്വാധീനമില്ലെന്ന വിമര്‍ശകരുടെ നാവടപ്പിക്കാന്‍ അദ്ദേഹത്തിനായി. ഗുജറാത്തില്‍ മൂന്ന് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മോദിക്ക് സമ്മാനിക്കാന്‍ പ്രധാന പങ്കുവഹിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സമയത്ത് രാഷ്ട്രീയ എതിരാളികളെ കൗശലപൂര്‍വം സമീപിക്കുന്നതിനും ഉപരിസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാരിനെ സഹായിക്കാനും അരുണ്‍ ജെയ്റ്റ്ലി തയ്യാറായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ക്കുന്നു. 

പാര്‍ട്ടികള്‍ക്കതീതമായി സൗഹൃദം സ്ഥാപിക്കാനുള്ള അസാമാന്യ കഴിവുള്ള മികച്ചൊരു രാഷ്ട്രീയക്കാരനെയാണ് ജെയ്റ്റ്ലിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത്.

Content Highlights: Arun Jaitley the man who have friendship without politics